നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ. പൂൾ എ പോരാട്ടത്തിൽ ഒന്നിനെതിരെ 16 ഗോളുകളുടെ ചരിത്രവിജയമാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. ടൂർണമെന്റിലെ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. ജുഗ്രാജ് സിംഗ് നാല് ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ, മുന്നേറ്റനിര താരങ്ങളായ അഭിഷേകും ദിൽപ്രീതും ഹാട്രിക് നേട്ടവുമായി തിളങ്ങി.
കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ മന്ദീപ് സിംഗിലൂടെ ഇന്ത്യ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ പത്താം മിനിറ്റിൽ ജുഗ്രാജ് സിംഗും പതിനൊന്നാം മിനിറ്റിൽ അഭിഷേകും ലക്ഷ്യം കണ്ടതോടെ ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വ്യക്തമായ ലീഡ് എടുത്തു. രണ്ടാം ക്വാർട്ടറിലും ഇന്ത്യൻ ആക്രമണത്തിന് വേഗത കുറഞ്ഞില്ല. 16-ാം മിനിറ്റിൽ ക്യാപ്ടൻ ഹർമൻപ്രീത് സിംഗ് പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ചു.
തുടർന്ന് 17-ാം മിനിറ്റിൽ അഭിഷേകും 22-ാം മിനിറ്റിൽ ജുഗ്രാജും തങ്ങളുടെ രണ്ടാം ഗോളുകൾ നേടി. ക്വാർട്ടർ അവസാനിക്കും മുൻപ് സുഖ്ജീത്തും ദിൽപ്രീതും കൂടി ലക്ഷ്യം കണ്ടതോടെ സ്‌കോർബോർഡ് ഇന്ത്യക്ക് അനുകൂലമായി 8-0 എന്ന നിലയിലായി. ഇന്ത്യൻ മുന്നേറ്റങ്ങളുടെ വേഗതയിൽ എന്തുചെയ്യണമെന്നറിയാതെ ലങ്കൻ പ്രതിരോധം പൂർണമായും തകർന്നുപോയി.
മൂന്നാം ക്വാർട്ടറിലും ഇന്ത്യ ഗോൾവേട്ട തുടർന്നു. അഞ്ച് ഗോളുകളാണ് ഈ ക്വാർട്ടറിൽ മാത്രം ഇന്ത്യൻ താരങ്ങൾ വലയിലെത്തിച്ചത്. മൻപ്രീത് സിംഗ് തുടങ്ങിയ ഗോൾവേട്ട, 36-ാം മിനിറ്റിൽ വിവേകും 38-ാം മിനിറ്റിൽ ദിൽപ്രീതും തുടർന്നു. 42-ാം മിനിറ്റിൽ ഗോളടിച്ചതോടെ ജുഗ്രാജ് സിംഗ് തന്റെ ഹാട്രിക് നേടി. പിന്നാലെ ക്യാപ്ടൻ ഹർമൻപ്രീത് തന്റെ രണ്ടാം ഗോളും നേടിയതോടെ ഇന്ത്യയുടെ മുൻപിൽ ലങ്ക 13-0ത്തിന് പൂർണമായും തകർന്നടിഞ്ഞു.
അവസാന ക്വാർട്ടറിലും ഗോളടിമേളം അവസാനിച്ചില്ല. അഭിഷേകും ദിൽപ്രീതും തങ്ങളുടെ ഹാട്രിക് തികച്ചപ്പോൾ, ജുഗ്രാജ് മത്സരത്തിലെ നാലാം ഗോളും ലങ്കൻ വലയിലെത്തിച്ചു. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ സുരേഷ് രത്നായകെയിലൂടെ ശ്രീലങ്ക ഒരു ആശ്വാസ ഗോൾ മടക്കിയെങ്കിലും, ഒടുവിൽ 16-1 എന്ന ഭീമൻ സ്‌കോറിന്റെ തിളക്കമാർന്ന ജയത്തോടെ ഇന്ത്യ കളം വിടുകയായിരുന്നു.
The Indian men's hockey team crushed Sri Lanka 16-1 in their Pool A match at the Asian Games in Nagoya, securing their second consecutive win of the tournament.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |