SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.24 AM IST

കളത്തിലിറങ്ങാൻ മൂന്നുനാൾ; ടീമിനെ കണ്ണീരിലാഴ്ത്തി റിജോൺ

READ ENGLISH VERSION
rijhon

കോഴിക്കോട്: നാലുനാൾ കഴിഞ്ഞാൽ സ്വന്തം മൈതാനത്ത് മൂന്നാം സീസണിലെ ആദ്യ പോരാട്ടത്തിനിറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്ന സൂപ്പർ ലീഗ് കേരള ഫുട്ബാൾ ക്ളബ് കാലിക്കറ്റ് എഫ്.സി. ടീമിന്റെ പ്രതിരോധത്തിൽ ഇനി റിജോൺ ജോസ് ഉണ്ടാവില്ല. കോഴിക്കോട് കഴിഞ്ഞരാത്രിയുണ്ടായ ബൈക്കപക‌ടത്തിൽ റിജോണിനെ നഷ്ടമായതിന്റെ ആഘാതത്തിലാണ് ടീമംഗങ്ങൾ. 26ന് കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെയാണ് കാലിക്കറ്റ് എഫ്.സിയുടെ ആദ്യ മത്സരം. പുതിയ സീസണിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് 29കാരനായ ഡിഫൻഡറുടെ ദാരുണാന്ത്യം.

കഴിഞ്ഞദിവസം കാലിക്കറ്റ് ടീം അംഗങ്ങളെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച പരിപാടി നടന്ന സ്ഥലത്തിന് അടുത്തായാണ് റിജോണിന്റെ ജീവൻ നഷ്ടമായത്. രാത്രി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയതായിരുന്നു റിജോൺ ജോസും ഗനി അഹമ്മദ് നിഗമും. കനത്ത മഴയെത്തുടർന്ന് ഇരുതാരങ്ങളും വഴിയിൽ കയറി നിന്ന ശേഷം യാത്ര തുടരുന്നതിനിടെയാണ് അമിത വേഗതയിൽ എതിരെ വന്ന ബെെക്ക് അപകടമുണ്ടാക്കിയെതെന്ന് ടീം മാനേജർ ഇബ്നു ഹാരിസ് പറഞ്ഞു.

സൂപ്പർ ലീഗിന്റെ ആദ്യസീസണിൽ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്‌.സിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് റിജോൺ. കേരള പ്രീമിയർ ലീഗിലും കാലിക്കറ്റ് എഫ്.സിക്കായി പ്രതിരോധനിരയിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ശ്രീഭൂമി എഫ്.സി, ജോർജ്ജ് ടെലിഗ്രാഫ് എസ്.സി, എഫ്.സി ഡെക്കാൻ, ഫോഴ്‌സ കൊച്ചി എഫ്.സി എന്നീ ക്ലബ്ബുകൾക്കായും കളിച്ചിട്ടുള്ള റിജോൺ കൽക്കട്ട ഫുട്ബോൾ ലീഗിലും കർണാടക സൂപ്പർ ഡിവിഷൻ ലീഗിലും ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു.

വേദനയിൽ ഗനി

അപകടത്തിന്റേയും സുഹൃത്തിന്റെ വിടവാങ്ങലിന്റേയും ഞെട്ടൽ ആശുപത്രിയിൽ കഴിയുന്ന ഗനിയുടെ മുഖത്ത് നിന്ന് മാഞ്ഞിട്ടില്ല. റിജോണും ഗനി അഹമ്മദ്നിഗവും ഒരുമിച്ച് സന്തോഷത്തോടെ ഭക്ഷണം കഴിച്ച് ബെക്കിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റിജോണായായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. കാലിന് ചെറിയ പരിക്കുണ്ടായിരുന്നതിനാൽ ഗനി പിറകിലായിരുന്നു. അപകടസമയത്ത് ഫോണിൽ നോക്കുകയായിരുന്ന ഗനിക്ക് സംഭവിച്ചതെന്താണെന്ന് വ്യക്തമായി ഓർമയില്ല. ഗനിയുടെ കൈകൾക്കും വലത് കാലിനും പരിക്കേറ്റു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RIJHON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360