SignIn
Kerala Kaumudi Online
Wednesday, 02 September 2026 6.19 PM IST

വിജയ്‌യുടെ ‘വിലയേറിയ’ സമ്മാനം; വയോധികയ്ക്ക് നൽകിയത് വെറും സൺഗ്ലാസ് അല്ല, പ്രത്യേകതകളും വിലയും വേറെ ലെവൽ!

vijay
തമിഴ്നാട് മുഖ്യമന്ത്രി വിജയ് ചെല്ലമെന്ന വയോധികയ്ക്കൊപ്പം

ചെന്നൈ: വഴിയരികിൽ കണ്ട വയോധികയ്ക്ക് തന്റെ വിലകൂടിയ ക്രിസ്റ്റ്യൻ ഡിയോർ സൺഗ്ലാസ് ഊരി നൽകി സമൂഹമാദ്ധ്യമങ്ങളിൽ ഹീറോ ആയിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. സേലത്ത് ഔദ്യോഗിക സന്ദർശനത്തിനെത്തിയ വിജയ് അപ്രതീക്ഷിതമായി നടത്തിയ ഈ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

ഡെൽറ്റ മേഖലയിലെ സാംബ നെൽകൃഷിക്കായി മേട്ടൂർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായാണ് വിജയ് ഇന്നലെ സേലത്തെത്തിയത്. മേട്ടൂർ ജലവൈദ്യുത നിലയം സന്ദർശിച്ച ശേഷം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ വഴിയരികിൽ കൃഷിയിടത്തിൽ ജോലി ചെയ്യുന്ന ഒരു സംഘത്തെ കണ്ട അദ്ദേഹം വാഹനം നിർത്താൻ ആവശ്യപ്പെടുകയും അവർക്ക് അരികിലേക്ക് എത്തി കുശലാന്വേഷണം നടത്തുകയുമായിരുന്നു.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമാണെന്ന് കണ്ടതോടെ നാട്ടുകാരും അവിടേക്ക് എത്തിച്ചേർന്നു. കൂട്ടത്തിൽ ചെല്ലം എന്ന വയോധിക വിജയ്‌ക്കരികിലേക്ക് എത്തുകയും അദ്ദേഹത്തിന്റെ കൈപിടിക്കുകയും ചെയ്തു. താൻ ഭക്ഷണം കഴിച്ചോ എന്ന് മുഖ്യമന്ത്രി ചോദിച്ചതായി ചെല്ലം പറഞ്ഞു. "അങ്ങയെ കാണാൻ കാത്തിരിക്കുകയായിരുന്നു, അതുകൊണ്ട് ഭക്ഷണം കഴിച്ചില്ല' എന്ന് ചെല്ലം മറുപടിയും പറഞ്ഞു.ചെല്ലത്തിന്റെ കൈപിടിച്ച് കൃഷിയിടത്തിലൂടെ നടന്ന വിജയ് അവരോട് സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.

തുടർന്ന് കർഷകനായ പളനിസ്വാമിയുടെ വീടും കന്നുകാലി തൊഴുത്തും സന്ദർശിക്കുന്നതിനിടെയാണ് വിജയ് താൻ ധരിച്ചിരുന്ന സൺഗ്ലാസ് ഊരി ചെല്ലത്തിന് നൽകിയത്. ആദ്യം സൺഗ്ലാസ് സ്വീകരിക്കാൻ ചെല്ലം മടിച്ചെങ്കിലും വിജയ് സ്നേഹത്തോടെ നിർബന്ധിക്കുകയും സ്വന്തം കൈകൊണ്ട് അത് അവരുടെ മുഖത്ത് വച്ചുകൊടുക്കുകയുമായിരുന്നു. വിജയ്‌യുടെ ഈ സ്നേഹപൂർവമായ ഇടപെടലിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്.

"സിനിമയിൽ കാണുന്നതുപോലെ തന്നെയായിരുന്നു അദ്ദേഹം. എനിക്ക് വളരെ സന്തോഷമായി. ആരെങ്കിലും അദ്ദേഹത്തെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ അദ്ദേഹത്തെ സംരക്ഷിക്കുമെന്ന് പോലും ഞാൻ പറഞ്ഞു,"- വിജയ്‌യെ നേരിട്ടുകണ്ട അനുഭവം ചെല്ലം പങ്കുവച്ചു.

വിജയ് സമ്മാനിച്ച ക്രിസ്റ്റ്യൻ ഡിയോർ സൺഗ്ലാസിന്റെ വില എത്ര?​

ആഡംബര ഫാഷൻ ബ്രാൻഡായ ഡിയോറിന്റെ സ്റ്റൈലിഷ് ആക്സസറികളിലൊന്നാണ് ക്രിസ്റ്റ്യൻ ഡിയോർ സൺഗ്ലാസ്. ഇതിന് ഏകദേശം അരലക്ഷം രൂപയാണ് വിലവരുന്നത്. കറുത്ത അസിറ്റേറ്റ് ഫ്രെയിമും നീല നിറത്തിലുള്ള ലെൻസുകളുമുള്ള ഈ സൺഗ്ലാസ് ഇറ്റലിയിലാണ് നിർമിച്ചിരിക്കുന്നത്. ആകർഷകമായ റെക്റ്റാംഗുലർ ഡിസൈനും പ്രീമിയം ഫിനിഷുമാണ് ഇതിന്റെ പ്രത്യേകത. യുവിഎ, യുവിബി കിരണങ്ങളിൽ നിന്ന് പൂർണ സംരക്ഷണം നൽകാൻ ഈ സൺഗ്ളാസിന് കഴിയും.

English Summary

Tamil Nadu Chief Minister Vijay, during an official visit to Salem, unexpectedly stopped to interact with roadside farmers. He gifted his expensive Christian Dior sunglasses to an elderly woman named Chellam, whose initial hesitation was overcome by his persistence. This gesture, captured on video, quickly went viral on social media, drawing widespread appreciation for the Chief Minister's interaction.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY DIOR SUNGLASSES, VIJAY SUNGLASSES PRICE, CHRISTIAN DIOR SUNGLASSES, VIJAY CHELLAM VIRAL, DIOR SUNGLASSES PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360