ന്യൂഡൽഹി: ഹൃദയശസ്ത്രക്രിയയ്ക്കായി പതിമൂന്ന് വർഷം കാത്തിരുന്ന പതിനഞ്ചുകാരി മരിച്ചു. രാജസ്ഥാൻ കോട്ട സ്വദേശിയായ തൻവിക്കാണ് ദാരുണാന്ത്യമുണ്ടായത്. ഹൃദ്രോഗിയായ പെൺകുട്ടി രണ്ടാം വയസ് മുതൽ ഡൽഹി എയിംസിൽ ചികിത്സ നടത്തുകയായിരുന്നു. ഇന്നലെയായിരുന്നു ആശുപത്രിയിൽവച്ച് മരണപ്പെട്ടത്.
ആരോഗ്യനില മോശമായതിനെത്തുടർന്ന് രണ്ടാഴ്‌ച മുൻപ് തൻവിയെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. പലപ്പോഴായി തീയതി നിശ്ചയിച്ചില്ലെങ്കിലും ആശുപത്രി അധികൃതർ ശസ്ത്രക്രിയ നടത്തിയില്ലെന്ന് തൻവിയുടെ കുടുംബം ആരോപിക്കുന്നു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഡോക്‌ടർമാരുടെ നിർദേശപ്രകാരമാണ് ആശുപത്രിൽ പ്രവേശിപ്പിച്ചതെന്നും നിരവധി രേഖകളും പരിശോധനാ റിപ്പോർട്ടുകളും ആവശ്യപ്പെട്ടതായും തൻവിയുടെ പിതാവ് മുകേഷ് പരിയാനി പറഞ്ഞു.
2012ൽ തൻവിക്ക് വെൻട്രികുലാർ സെപ്‌ടൽ ഡിഫക്‌ട് എന്ന രോഗം സ്ഥിരീകരിച്ചുവെന്നും 2013ൽ ശസ്ത്രക്രിയയ്ക്കായി ഒരുക്കങ്ങൾ നടത്തിയെന്നും ഡോക്‌ടർ വി ദേവഗൗരു പറഞ്ഞു. എന്നാൽ ശസ്ത്രക്രിയ നടത്താൻ കഴിയില്ലെന്ന് കണ്ടെത്തിയതോടെ 2018ൽ റദ്ദാക്കി. പിന്നീട് ചികിത്സ തുടർന്നു. കഴിഞ്ഞ ഓഗസ്റ്റ് 24ന് ഹൃദയ-ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി തൻവിയെ അഡ്‌മിറ്റാക്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്‌ച എൻഡോസ്‌കോപ്പിയും നടത്തി.
ഇന്നലെ പുലർച്ചെ 2.50ന് തൻവിക്ക് ക്ഷീണവും തലകറക്കവും അനുഭവപ്പെടുകയും ഓക്‌സിജൻ അളവ് 48 ശതമാനമായി കുറയുകയും ചെയ്തു. 3.30ന് ഓക്‌സിജൻ നൽകിത്തുടങ്ങി. പിന്നാലെ ഹൃദയാഘാതമുണ്ടായി. ഏറെ ശ്രമിച്ചെങ്കിലും തൻവിയുടെ ജീവൻ രക്ഷിക്കാനായില്ല. 5.06ന് മരണം സ്ഥിരീകരിച്ചുവെന്ന് ഡോക്‌ടർ അറിയിച്ചു. എന്നാൽ 2013ൽ രോഗം കണ്ടെത്തിയതിനുശേഷം എന്തുകൊണ്ട് ശസ്ത്രക്രിയ നടത്തിയില്ലെന്നതിലും 2018ൽ വേണ്ടെന്ന് വയ്ക്കാനിടയാക്കിയതിന്റെയും കാരണമെന്താണെന്ന് എയിംസോ ഡോക്ടർമാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2018ൽ നടത്തിയ പരിശോധനയിൽ തൻവിയുടെ ശ്വാസകോശത്തിലേയ്ക്ക് രക്തം വിതരണം ചെയ്യുന്ന പ്രധാന രക്തക്കുഴലുകൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഹൃദയഘടന സങ്കീർണമാണെന്നും കണ്ടെത്തി. ശ്വാസകോശ ധമനികൾ ഇല്ലാത്തതിനാലും ശരീരഘടന അനുയോജ്യമല്ലാത്തതിനാലും ശസ്ത്രക്രിയ മാരകമായേക്കാമെന്നും ഡോക്ടർ മുൻപ് വ്യക്തമാക്കിയിരുന്നു.
മകളുടെ മരണത്തിൽ ആശുപത്രി അധികൃതർ തൃപ്തികരമായ വിശദീകരണം നൽകിയില്ലെന്ന് മുകേഷ് പരിയാനി പറഞ്ഞു. ആശുപത്രി ജീവനക്കാർ ആവർത്തിച്ച് രേഖകൾ ആവശ്യപ്പെടുകയും പല ഘട്ടങ്ങളിലും ഡിസ്ചാർജ് ചെയ്യാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും മകളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരണത്തിൽ പ്രതിഷേധിച്ച് തൻവിയുടെ കുടുംബം മൃതദേഹം ഏറ്റുവാങ്ങിയില്ല.
A 15-year-old girl, Tanvi, died at AIIMS, New Delhi, after a thirteen-year wait for heart surgery. Her family accuses the hospital of repeatedly postponing the procedure despite her deteriorating health. Hospital officials cited a complex heart condition and unsuitable anatomy for earlier surgery cancellations. Her family suspects negligence and demands an investigation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |