
കൊച്ചി: ലങ്ക പ്രീമിയർ ലീഗിന്റെ ആറാം സീസൺ ജൂലായ് 10ന് ആരംഭിക്കാനിരിക്കെ ലീഗിന്റെ പ്രൊമോട്ടർമാരായ ഇന്നൊവേറ്റീവ് പ്രൊഡക്ഷൻ ഗ്രൂപ്പിന് വൻ സാമ്പത്തിക പിന്തുണ ലഭിച്ചു. യു.എസ് ആസ്ഥാനമായുള്ള ലിസ്റ്റഡ് കമ്പനിയുമായി ചേർന്നാണ് ഐ.പി.ജി മൾട്ടിമില്യൺ ഡോളർ ഫണ്ടിംഗ് സ്വന്തമാക്കിയത്. പുതിയ ഫണ്ടിംഗും പങ്കാളിത്തവും ലീഗിന്റെ ആഗോള വിപുലീകരണത്തിനും മികച്ച സാമ്പത്തിക സമാഹരണത്തിനും ഡിജിറ്റൽ നവീകരണത്തിനും വഴിയൊരുക്കും.
എൻ.എ.എസ്.ഡി എക്യുയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള യു.ജി.ആർ.ഒ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായ ഫ്‌ളാഷ് സ്‌പോർട്‌സ് ആൻഡ് മീഡിയയുമായി തന്ത്രപ്രധാനമായ ഓഹരി ലയനം ഐ.പി.ജി ഇതിനകം പൂർത്തിയാക്കി. ഈ പുതിയ നിക്ഷേപത്തിന്റെ പിൻബലത്തിൽ ലങ്ക പ്രീമിയർ ലീഗ് കൂടുതൽ മികച്ചതാക്കുന്നതിനായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഐ.പി.ജി 20 ദശലക്ഷം യു.എസ് ഡോളർ നിക്ഷേപിക്കും. ലങ്ക പ്രീമിയർ ലീഗിന്റെ ബൗദ്ധിക സ്വത്തവകാശം ശ്രീലങ്ക ക്രിക്കറ്റ് ബോർഡിനാണെങ്കിലും ഇതിന്റെ എക്‌സ്‌ക്ലൂസീവ് കൊമേഴ്‌സ്യൽ, മീഡിയ അവകാശങ്ങൾ ഐ.പി.ജിക്കാണ് നിലവിലുള്ളത്.
ലങ്ക പ്രീമിയർ ലീഗിന് പുറമെ മലേഷ്യ, സിംബാബ്വെ എന്നിവിടങ്ങളിലെ ടി-20 ലീഗുകൾ വികസിപ്പിക്കുന്നതിനുള്ള ദീർഘകാല എക്‌സ്‌ക്ലൂസീവ് കരാറുകളും ഐ.പി.ജി ഗ്രൂപ്പിനുണ്ട്. അതിവേഗം വളരുന്ന ഈ പുതിയ ക്രിക്കറ്റ് വിപണികളിലേക്ക് തങ്ങളുടെ സാന്നിദ്ധ്യം വ്യാപിപ്പിക്കാൻ ഐ.പി.ജിയും നിക്ഷേപകരും ലക്ഷ്യമിടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |