കൽപ്പറ്റ: കള്ളാടിയിലെ മണ്ണിടിച്ചിൽ ബാധിത പ്രദേശം എം.പി പ്രിയങ്കഗാന്ധി വാദ്ര സന്ദർശിച്ചു. കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ വീക്ഷിച്ച എം.പി പ്രദേശവാസികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, നിർമാണ കരാറുകാരായ ദിലീപ് ബിൽഡ്‌കോൺ അധികൃതർ എന്നിവരുമായി ആശയവിനിമയം നടത്തി. മണ്ണിടിച്ചിലിൽ വീട് നഷ്ടമായ കള്ളാടി പുളിക്കലകത്ത് അമ്മാറമ്പത്ത് അഷ്റഫും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബവും പ്രിയങ്കാഗാന്ധിയെ ദുരന്തസ്ഥലതെത്തി ആശങ്കയറിയിച്ചു. സർക്കാർ എല്ലാ സഹായവും നൽകുമെന്ന് എം.പി കുടുംബത്തിന് ഉറപ്പുനൽകി. മണ്ണിടിച്ചിൽ അപകടത്തിൽ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും എം.പി പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. ആശുപത്രിയിലെ ചികിത്സയിൽ കഴിയുന്ന മധ്യപ്രദേശ് സ്വദേശികളായ രജനീഷ്, സൂരജ് യാദവ് എന്നിവരുമായും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ദിലീപിന്റെ കുടുംബാംഗങ്ങളുമായും എം.പി സംസാരിച്ചു. റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്, എം.എൽ.എമാരായ ഐ.സി ബാലകൃഷ്ണൻ, ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, സബ് കളക്ടർ അതുൽ സാഗർ, ജില്ലാ പൊലീസ് മേധാവി എസ് ദേവമനോഹർ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ എം.പിയെ അനുഗമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |