കൽപ്പറ്റ: നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നു. വിദ്യാർത്ഥി യുവജന സംഘടനകൾ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധം ഇരമ്പി. യൂത്ത് കോൺഗ്രസ് ആണ് ഹെഡ് പോസ്റ്റ് ഓഫീസിലേയ്ക്ക് ആദ്യം മാർച്ച് നടത്തിയത്. സമരം കണക്കിലെടുത്ത് ഓഫീസിന്റെ 2 കവാടങ്ങളും പൊലീസ് ബാരിക്കേഡ് തീർത്ത് അടച്ചു കെട്ടിയിരുന്നു. എന്നാൽ ബാരിക്കേഡുകൾ മറികടന്ന് നേതാക്കൾ ഉൾപ്പെടെ പോസ്റ്റ് ഓഫീസിലേയ്ക്ക് ഓടിയെത്തി. എന്നാൽ ഓഫീസിനുള്ളിൽ പ്രവേശിക്കാൻ പൊലീസ് അനുവദിച്ചില്ല. പൊലീസുമായി വാക്ക് തർക്കവും ഉന്തും തള്ളും ഉണ്ടായി. സംഘർഷത്തിനിടെ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് പൊലീസുകാരന്റെ മുഖത്തടിച്ചു. പോസ്റ്റ് ഓഫീസിന്റെ മതിൽ ചാടി കടക്കാനുള്ള ശ്രമം പൊലീസുകാരൻ തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ഉദ്ഘാടകനായ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത് എം.എൽ.എയും പോസ്റ്റ് ഓഫീസ് വളപ്പിലേക്ക് പ്രവേശിച്ചിരുന്നു. സമരം നീണ്ടു പോയതോടെ പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അമൽ ജോയ് അദ്ധ്യക്ഷനായി. നേതാക്കളായ ലയണൽ മാത്യു, അരുൺ ദേവ്, ഗൗതം ഗോകുൽദാസ്, ഹർഷൽ കോനാടൻ തുടങ്ങിയവർ പ്രസംഗിച്ചു. തൊട്ടുപിന്നാലെയാണ് എസ്.എഫ്.ഐ. പ്രവർത്തകർ മാർച്ചുമായി എത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നൂറുകണക്കിന് വിദ്യാർത്ഥികൾ സമരത്തിൽ അണിനിരന്നു. ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ പോസ്റ്റ് ഓഫീസ് വളപ്പിലേക്ക് പ്രവേശിച്ചു. നേതാക്കൾ ഉൾപ്പെടെ 50 ഓളം പേരാണ് പോസ്റ്റ് ഓഫീസിന് മുൻപിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയത്. ഇതേസമയം തന്നെ രണ്ടു കവാടങ്ങളും ഉപരോധിക്കുകയും ചെയ്തു. സമരം നീണ്ടതോടെ എസ്.എഫ്.ഐ. ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വലിച്ചിഴച്ചാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്. എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം ആര്യപ്രസാദ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജിയിൽ അല്ലാതെ സമരം അവസാനിക്കില്ലെന്ന് അവർ പറഞ്ഞു. നീറ്റ് പരീക്ഷ ഉൾപ്പെടെയുള്ള പരീക്ഷകളുടെ വിശ്വാസ്യത കേന്ദ്രസർക്കാർ ഇല്ലാതാക്കി. വർഷങ്ങളായി കാവിവൽക്കരണത്തിന് ശ്രമിക്കുന്ന കേന്ദ്രസർക്കാർ ഇപ്പോൾ പരീക്ഷ തന്നെ ഇല്ലാതാക്കാനാണ് ശ്രമം നടത്തുന്നത് എന്നും അവർ ആരോപിച്ചു. എസ്.എഫ്.ഐ. നേതാക്കളായ അപർണാ ഗൗരി, എം. ആദർശ് , സാന്ത്രാ രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |