SignIn
Kerala Kaumudi Online
Monday, 21 September 2026 1.35 AM IST

കുതിരാൻ തുരങ്കമുഖം : കടലാസിലൊതുങ്ങി സുരക്ഷാ നിർദ്ദേശങ്ങൾ

s

നടപടിയെടുക്കാതെ എൻ.എച്ച്.എ.ഐ

തൃശൂർ: കുതിരാൻ തുരങ്കമുഖത്തിന് സമീപമുണ്ടായ മണ്ണൊലിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിട്ടി നൽകിയ അടിയന്തര സുരക്ഷാ നിർദ്ദേശങ്ങൾ ഒരു മാസം പിന്നിട്ടിട്ടും നടപ്പാക്കിയില്ല. അപാകതകൾ പരിഹരിക്കാൻ ദേശീയപാത അതോറിട്ടിയെ കളക്ടർ ശിഖ സുരേന്ദ്രൻ ചുമതലപ്പെടുത്തിയെങ്കിലും തുടർനടപടി സ്വീകരിച്ചതായി ദുരന്ത നിവാരണ അതോറിട്ടിയെ ഇതുവരെ ബോദ്ധ്യപ്പെടുത്തിയിട്ടില്ല.

കേരള വനഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞർ സ്ഥലം സന്ദർശിച്ച് സമർപ്പിച്ച പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ദുരന്തനിവാരണ നിയമപ്രകാരം കളക്ടർ ഉത്തരവിറക്കിയത്. കെ.എഫ്.ആർ.ഐ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ബഹുവിഷയ വിദഗ്ദ്ധ സംഘം നടത്തിയ പ്രാരംഭ പഠനത്തിൽ വലിയ വിള്ളലുകളില്ലെങ്കിലും ഇളകിയ പാറക്കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കാൻ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുരങ്കമുഖത്തെ ഡ്രെയിനേജ് ചാലുകൾ വൃത്തിയാക്കുക, പാറക്കെട്ടുകളിൽ റോക്ക് ഫാൾ നെറ്റിംഗും ബോൾട്ടിംഗും സ്ഥാപിക്കുക, വനസസ്യങ്ങളെ സംരക്ഷിക്കുക എന്നിവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ. വനംവകുപ്പിന്റെ സാങ്കേതിക അനുമതിയോടെ എൻ.എച്ച്.എ.ഐ ആണ് പ്രവൃത്തികൾ പൂർത്തിയാക്കേണ്ടിയിരുന്നത്. മാർഗനിർദ്ദേശങ്ങൾ കൈമാറി ഒരു മാസം കഴിഞ്ഞിട്ടും അപകടഭീഷണി ഒഴിവാക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല. പ്രവൃത്തികൾ നടപ്പാക്കിയ ശേഷം ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും അറിയിപ്പൊന്നും കിട്ടിയില്ലെന്നാണ് വിവരം. റോഡ് സുരക്ഷിതമാക്കാനുള്ള പ്രവൃത്തികൾ അടിയന്തരമായി നടപ്പാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് പൊതു ആവശ്യം.

കെ.എഫ്.ആർ.ഐ കണ്ടെത്തൽ
ഭീകരമായ മണ്ണടിച്ചിലല്ല, ചെറിയ തോതിലുള്ള മണ്ണിളക്കം മാത്രം
പാറയിടുക്കുകളിൽ വെള്ളം കെട്ടിക്കിടന്നാൽ ഇളകിയ കല്ലും മണ്ണും താഴേക്ക് പതിക്കാം
വനസസ്യങ്ങളുടെ വേരുകൾ നീക്കാതെ മണ്ണൊലിപ്പ് തടയണം

എൻ.എച്ച്.എ.ഐ ചെയ്യേണ്ടത്
ഇളകിയ പാറകളും മണ്ണും നീക്കം ചെയ്യുക
പാറക്കല്ലുകൾ പതിക്കാതിരിക്കാൻ സംരക്ഷണ വലകൾ,ബോൾട്ടിംഗ് എന്നിവ സ്ഥാപിക്കുക
ഡ്രെയിനേജ് തടസങ്ങൾ നീക്കി മഴവെള്ളമൊഴുക്ക് സുഗമമാക്കുക
പുതിയ വിള്ളലുകൾ, മരങ്ങൾ ചരിഞ്ഞുനിൽക്കൽ, നീരൊഴുക്കിലെ മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL