SignIn
Kerala Kaumudi Online
Sunday, 26 July 2026 4.41 AM IST

ചൊറിയൻ പുഴു ശല്യം രൂക്ഷം; പൊറുതിമുട്ടി ജനം

photo-

മാള: മാള പഞ്ചായത്തിലെ കുരുവിലശ്ശേരി ആലിങ്ങക്കുളം - താണിശ്ശേരി റോഡിൽ ചൊറിയൻ പുഴുവിന്റെ ശല്യം രൂക്ഷമാകുന്നു. വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. റോഡിന് ഇരുവശങ്ങളിലുമുള്ള മരങ്ങളിലും കുറ്റിച്ചെടികളിലും മതിലുകളിലും ചൊറിയൻ പുഴുക്കൾ കൂട്ടത്തോടെ കാണപ്പെടുകയാണ്.

സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമുൾപ്പെടെ റോഡിലൂടെ നടന്നുപോകുന്നവരും ഇവയുടെ ശല്യം നേരിടുകയാണ്. കാറ്റിൽ പറന്നെത്തുന്ന പുഴുക്കൾ ശരീരത്തിൽ പതിക്കുന്നതിനാൽ പലരും റോഡ് ഉപയോഗിക്കാൻ മടിക്കുകയാണ്. പുഴുക്കൾ ശരീരത്തിൽ സ്പർശിച്ചാൽ കഠിനമായ ചൊറിച്ചിൽ, ചുവന്ന തടിപ്പ്, നീറ്റൽ എന്നിവ അനുഭവപ്പെടുന്നതായും നിരവധി പേർക്ക് ഇതിനകം ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതായും പറയുന്നു.

പനയ്ക്കൽ ജേർസന്റെ വീട്ടുപരിസരത്താണ് ശല്യം ഏറ്റവും രൂക്ഷമായിരിക്കുന്നത്. വീടിന്റെ മതിലുകളിലും മുറ്റത്തുള്ള മരങ്ങളിലും ആയിരക്കണക്കിന് ചൊറിയൻ പുഴുക്കൾ നിറഞ്ഞുകിടക്കുകയാണ്. വീടിനുള്ളിലേക്കും പുഴുക്കൾ കയറുന്നതിനാൽ കുടുംബാംഗങ്ങൾ കടുത്ത ദുരിതം അനുഭവിക്കുകയാണ്. മഴക്കാലമായതിനാൽ ശല്യം സമീപപ്രദേശങ്ങളിലേക്കും

വ്യാപിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ഇടപെടൽ വേണമെന്ന് ആവശ്യം

ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും അടിയന്തരമായി സ്ഥലത്തെത്തി പരിശോധന നടത്തി ആവശ്യമായ നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുഴുക്കൾ വ്യാപിച്ചിരിക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ സുരക്ഷിതമായി വെട്ടിമാറ്റുകയും ആവശ്യമായ ഇടങ്ങളിൽ മരുന്ന് തളിക്കുകയും ചെയ്ത് ശല്യം നിയന്ത്രിക്കണമെന്നാണ് ആവശ്യം. ചൊറിയൻ പുഴുവിന്റെ രോമങ്ങൾ ശരീരത്തിൽ തട്ടിയാൽ ശക്തമായി ചൊറിയാതെ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് കഴുകുകയും അസ്വസ്ഥത തുടരുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുകയും വേണമെന്ന് ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നു.

English Summary

Mala Panchayat's Kuruvilassery Alingkulam - Thanissery road is facing a severe infestation of stinging caterpillars, making it difficult for residents to leave their homes. The caterpillars cause intense itching, rashes, and stinging upon contact, affecting many. Locals demand urgent intervention from health and panchayat authorities, requesting inspection, pruning of infested branches, and pesticide spraying to control the nuisance.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL