ചാക്ക ഫയർ ഫോഴ്സ് വളപ്പിലെ വാഹനങ്ങൾ കാടുപിടിച്ച് നശിക്കുന്നു
70 വാഹനങ്ങൾ കൊണ്ടിട്ടിട്ട് തിരിഞ്ഞു നോക്കിയില്ല
തിരുവനന്തപുരം: അപകട സ്ഥലങ്ങളിലേക്ക് പാഞ്ഞെത്തേണ്ട അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾ ചാക്ക ഫയർഫോഴ്സ് സ്റ്റേഷന്റെ വളപ്പിൽ കാടുമൂടിക്കിടക്കുന്നു. ഒന്നും രണ്ടുമല്ല, 70 പുതുപുത്തൻ വാനങ്ങൾ. വാഹനങ്ങളുടെ ബോഡി നിർമ്മാണം പോലും ഇതുവരെ നടന്നിട്ടില്ല. 120 കോടിയുടെ മുതലാണ് ഇത്തരത്തിൽ നശിക്കുന്നത്. 18 മാസത്തിലേറെയായി ഇതേ കിടപ്പാണ്. വാഹനങ്ങളുടെ ഷാസി കൊണ്ടിട്ട സ്ഥലത്തിലൊക്കെ കാടുപിടിച്ചു. ഇതേ നിലയിൽ വാഹനങ്ങൾ കിടപ്പായിപ്പോയാൽ ഉപയോഗ ശൂന്യമാകാൻ സാദ്ധ്യതയേറെയാണ്. പാറശാല മുതൽ തലപ്പാടി വരെ ഫയർ സ്റ്റേഷനുകളിൽ ഫോഴ്സിനാവശ്യത്തിന് വാഹനമില്ലെന്ന പരാതി നിലനിൽക്കെയാണ് പുത്തൻ വാഹനങ്ങൾ ഇങ്ങനെ അനാഥമായി കിടക്കുന്നത്.
ഫണ്ട് ഇല്ല
2025 മാർച്ചിലാണ് 120കോടി രൂപയ്ക്ക് 140 വാഹനങ്ങൾ ഫയർഫോഴ്സ് വാങ്ങിയത്. വണ്ടിയുടെബോഡി പണിത് ഇറക്കാനുള്ള ഫണ്ട് ആ സമയത്ത് അനുവദിച്ചിരുന്നില്ല. പിന്നീട്, ഈ വർഷം ജനുവരിയിൽ ഇതിൽ 70 വാഹനങ്ങൾ ബോഡി പണിയാനായി കൊണ്ടുപോയി. പക്ഷേ, ബാക്കി വാഹനങ്ങൾക്കുള്ള പണം സർക്കാർ അനുവദിച്ചില്ല. അതിനാൽ പണിയും നടന്നില്ല.
ശാപമോക്ഷമില്ല...
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് വാഹനങ്ങൾ വാങ്ങിയത്. സർക്കാർ മാറിയിട്ടും വാഹനങ്ങൾക്ക് ശാപമോക്ഷമില്ല. വെയിലും മഴയും കൊണ്ട് തുരുമ്പെടുത്ത് നശിക്കാനാണ് വിധി! ഒരു തീപിടുത്തമുണ്ടാകുമ്പോഴോ, അപകടമുണ്ടാകുമ്പോഴോ നല്ല കണ്ടീഷനുള്ള വണ്ടിയില്ലാത്തതുകൊണ്ടുമാത്രം ഫയർഫോഴ്സ് വരാൻ വൈകിയെന്ന പരാതികൾ ഇപ്പോഴും കേൾക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്രയും വാഹനങ്ങൾ കാട്ടുചെടികൾ മൂടി നശിക്കാനായി ഇട്ടിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |