
കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിലുള്ളവർക്ക് ഇപ്പോൾ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.കൃഷിയിടം മുഴുവൻ കാട്ടുപന്നിയും, റോഡ് നിറയെ തെരുവ് നായ്ക്കളുമാണ് പ്രശ്നത്തിന് കാരണം.
സന്ധ്യ കഴിഞ്ഞാൽ തെരുവുകൾ തെരുവ് നായ്ക്കൾ കൈയടക്കും.ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന ഇവ കാൽനട യാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്.
പുലർച്ചെ പ്രഭാത സവാരിക്കിറങ്ങുന്നവരും,പത്ര വിതരണത്തിന് എത്തുന്നവരും പലപ്പോഴും ഭാഗ്യം കൊണ്ടാണ് നായയുടെ കടിയിൽ നിന്നും രക്ഷപ്പെടുന്നത്.രണ്ട് ദിവസം മുൻപ് മൊട്ടലുവിളയിൽ പതിനൊന്ന് വയസുകാരന്റെ കൈ വിരൽ നായ കടിച്ചെടുത്തിരുന്നു.സമീപത്തെ വൃദ്ധ ദമ്പതികളെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.ഇവരെല്ലാം വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് തെരുവ് നായ ആക്രമിച്ചത്.
നിരവധി വളർത്തു മൃഗങ്ങളെയും നായ ആക്രമിച്ചിരുന്നു.കടിയേറ്റവരെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സ തേടി.കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്,പ്രൈവറ്റ് ബസ് സ്റ്റാൻഡ്,മാഹേശ്വരം മാർക്കറ്റ് എന്നിവിടങ്ങളിൽ സദാസമയവും തെരുവ് നായ്ക്കളുടെ വിളയാട്ടമാണ്.തെരുവ് നായ്ക്കൾ കുറുകെ ചാടി ഇരുചക്ര വാഹനങ്ങളിലെത്തുന്നവർ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമാണ്.
നായ ശല്യം നിയന്ത്രിക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വന്ധ്യംകരണം ചെയ്ത നായ്ക്കളെ ഉൾപ്പെടെ വാഹനങ്ങളിൽ കൊണ്ടുവന്ന് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപക്ഷിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |