വർക്കല: ഇടവയിൽ എക്സൈസ് സംഘത്തെ കണ്ട് യുവാവ് കായലിൽ ചാടി.ഇടവ നിരാല ജംഗ്ഷന് സമീപത്ത് കായൽത്തീരത്ത് ഉണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാളാണ് കായലിൽ ചാടിയത്.ഇയാൾക്കായി കായലിൽ തെരച്ചിൽ ആരംഭിച്ചു.
ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.മദ്യപസംഘത്തെക്കുറിച്ച് നാട്ടുകാരാണ് എക്സൈസിൽ വിവരമറിയിച്ചത്.തുടർന്ന് വർക്കല എക്സൈസ് ഓഫീസിലെ നാലുപേർ മഫ്തിയിൽ ഇടവയിലെത്തി.ഇതിനിടെ മദ്യപസംഘത്തിലെ ഒരാൾ ഭക്ഷണം വാങ്ങാൻ റോഡിലേക്ക് ഇറങ്ങിയപ്പോൾ എക്‌സൈസിനെ കണ്ട്,ഉടൻ ഫോണിൽ ബാക്കിയുള്ളവർക്ക് സന്ദേശം നൽകുകയായിരുന്നു.രണ്ടുപേർ ഓടി രക്ഷപ്പെട്ടെങ്കിലും,മൂന്നാമൻ കായലിൽ ചാടുകയായിരുന്നു.
എക്സൈസുകാർ അറിയിച്ചതനുസരിച്ച് അയിരൂർ പൊലീസ് സ്ഥലത്തെത്തി.സ്കൂബാ ടീം കായലിൽ തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഇരുട്ടായതോടെ തെരച്ചിലും അവസാനിപ്പിച്ചു.സ്കൂബാ ടീം ഇന്നു പരിശോധന തുടരും.
സംഭവസ്ഥലത്തുനിന്ന് ലഭിച്ച ബാഗിൽ നിന്ന് ഒരു തിരിച്ചറിയൽ കാർഡും 4 ഗ്രാം എം.ഡി.എം.എയും,കുറച്ച് കഞ്ചാവും ലഭിച്ചു.തിരിച്ചറിയൽ രേഖയിൽ അഭിജിത്ത് എന്നാണ് കാണുന്നത്.
സംഭവസ്ഥലത്തിന് സമീപത്തായി ലഹരിക്ക് അടിമയായി കിടന്ന വെട്ടൂർ സ്വദേശി മുഹമ്മദിനെ എക്‌സൈസ് കസ്റ്റഡിലെടുത്തു.പൊലീസും എക്സൈസും അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |