വിതുര: തിരക്കേറിയ പൊൻമുടി- തിരുവനന്തപുരം സംസ്ഥാനപാതയിൽ അപകടം പതിവായിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. തൊളിക്കോട് മുതൽ വിതുര വരെയുള്ള ഭാഗത്താണ് അപകടങ്ങൾ കൂടുതലായും സംഭവിക്കുന്നത്. അടുത്തിടെ തൊളിക്കോട്-പുളിമൂട് ജംഗ്ഷന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടിരുന്നു. അഞ്ച് വർഷത്തിനിടയിൽ 15 പേരുടെ ജീവനാണ് വിതുര-തൊളിക്കോട് റോഡിൽ മാത്രം പൊലിഞ്ഞത്.
വിതുര ചേന്നൻപാറയ്ക്കു സമീപം ഇലക്ട്രിക് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മരിച്ചിരുന്നു. ഒപ്പം സഞ്ചരിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇതിനുമുമ്പ് ചേന്നൻപാറ കോസലം മംഗളവേദിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് മത്സ്യവ്യാപാരിയും മരണമടഞ്ഞിരുന്നു, ഈ മേഖലയിൽ അപകടം പതിവായി മാറിക്കഴിഞ്ഞു.
ബൈക്ക് റേസിംഗ് സംഘങ്ങളും
പൊൻമുടി പാതയിൽ ബൈക്ക് റേസിംഗ് സംഘങ്ങളും സജീവമാണ്. ബൈക്കുകളുടെ ഘടന മാറ്റിമറിച്ച് അമിതവേഗതയിൽ ആളുകൾക്ക് ഭീഷണിയായാണ് യുവസംഘങ്ങൾ ചീറിപ്പായുന്നത്. ഒപ്പം കഞ്ചാവ്, എം.ഡി.എം.എ വില്പനസംഘങ്ങളും സജീവമാണ്. ഇവർ വഴിപോക്കരെ ഇടിച്ചിട്ടിട്ട സംഭവവുമുണ്ടായിരുന്നു. പൊൻമുടി-കല്ലാർ റൂട്ടിൽ ഇത്തരം സംഘങ്ങൾ ടൂറിസ്റ്റുകൾക്കും തലവേദനയാണ്. പരിശോധന ശക്തിപ്പെടുത്തുമെന്ന് വിതുര,പെൻമുടി പൊലീസ് അറിയിച്ചു.
5 വർഷം, 15 മരണം
തൊളിക്കോട് വിതുര റോഡിൽ അഞ്ച് വർഷത്തിനിടയിൽ പതിനഞ്ച് പേരാണ് അപകടങ്ങളിൽ മരിച്ചത്. തൊളിക്കോട് മുതൽ മന്നൂർക്കോണം വരെയുള്ള ഭാഗത്ത് എട്ട്പേരും, കല്ലാർ വിതുര റൂട്ടിൽ ഏഴ് പേരും അപകടങ്ങളിൽ മരിച്ചിട്ടുണ്ട്. ഹൈവേ പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തി അമിതവേഗക്കാരെ പിടികൂടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അപകടമരണങ്ങൾ നടന്ന സ്ഥലങ്ങൾ (എണ്ണം)
ചേന്നൻപാറ(2), വിതുര വേളാങ്കണ്ണി പള്ളിക്ക് സമീപം(2),പുളിമൂട്(2), തൊളിക്കോട്(2), പേരയത്തുപാറ(2),ശിവൻകോവിൽജംഗ്ഷൻ(1), കല്ലാർ(1), ആനപ്പാറ(1), മന്നൂർക്കോണം(2)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |