
പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ഇടവം,മുല്ലക്കൽ,മുത്തികാണി എന്നീ ആദിവാസി മേഖലകളിൽ കാട്ടാനയിറങ്ങി കൃഷികളെല്ലാം നശിപ്പിച്ചു. കാട്ടിലക്കുഴി മേഖലയിൽ രണ്ടു ദിവസം മുൻപാണ് ആനയിറങ്ങി കൃഷി നശിപ്പിച്ചത്. കാട്ടാന,കാട്ടുപോത്ത്,പന്നി തുടങ്ങിയ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് പതിവാണ്. വന്യമൃഗങ്ങളിൽ നിന്നും ആദിവാസി മേഖലകളെയും ജനവാസ മേഖലകളെയും സംരക്ഷിക്കുന്നതിനായി ആരംഭിച്ച ആനക്കിടങ്ങ് നിർമ്മാണം പൂർത്തിയായിട്ടില്ല.
സൗരോർജ്ജ വേലി നിർമ്മിച്ച് ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് 68ലക്ഷം രൂപ ചെലവഴിച്ച് സൗരോർജ്ജ വേലി സർക്കാർ നിർമ്മിച്ചെങ്കിലും പല സ്ഥലങ്ങളിലും സോളാർ വേലി തകർന്ന നിലയിലാണ്. നന്ദിയോട്,പെരിങ്ങമ്മല,പാങ്ങോട് പഞ്ചായത്തുകളിലെ വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് കാട്ടുമൃഗശല്യം രൂക്ഷം. മനുഷ്യരെ ആക്രമിക്കുന്ന സ്ഥിതിയും ആയിട്ടുണ്ട്.
ശല്യം രൂക്ഷം
നന്ദിയോട് പഞ്ചായത്തിലെ വട്ടപ്പൻകാട്,പ്രാമല,ദ്രവ്യം,വെട്ടിയമൂല,കാലൻകാവ്,പുലിയൂർ, പാണ്ഡിയൻപാറ തുടങ്ങിയ സ്ഥലങ്ങളിലും പെരിങ്ങമ്മല പഞ്ചായത്തിലെ പിള്ളേക്കോട് ചതുപ്പ്, പുന്നമൺവയൽ, വെളിയങ്കാല,വേങ്കല്ല,ശാസ്താനട,ഇടിഞ്ഞാർ,മങ്കയം, കോളച്ചൽ,മുത്തിക്കാണി,വെങ്കലകോൺ,കൊന്നമൂട്,ഇടവം, കൊച്ചുവിള,വിട്ടിക്കാവ്,മുത്തിപ്പാറ,ചെന്നല്ലിമൂട്, കല്ലണ,വട്ടക്കരിക്കകം,പന്നിയോട്ട് കടവ് തുടങ്ങിയ സ്ഥലങ്ങളിലുമാണ് കാട്ടുമൃഗശല്യം രൂക്ഷമായിട്ടുള്ളത്.
ജീവനക്കാരും തൊഴിലാളികളും വിദ്യാർത്ഥികളും ഭീതിയോടെയാണ് വനമേഖലകളിലൂടെ സഞ്ചരിക്കുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലെ കോളച്ചൽ ആദിവാസി മേഖലകളിൽ പകലും വന്യമൃഗശല്യം രൂക്ഷമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |