സംസ്ഥാന ഭാരവാഹികളെ ഉൾപ്പെടെ പ്രതിയാക്കി കേസ്
തിരുവനന്തപുരം: എസ്.എഫ്.ഐയുടെ കഴിഞ്ഞ ദിവസത്തെ സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡ് പ്രയോഗം നടത്തിയത് സമരക്കാർ തന്നെയെന്ന് പൊലീസ്. സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികളടക്കം 10പേർക്കും കണ്ടാലറിയാവുന്ന 100ഓളം പേർക്കുമെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു.
കേപ്പ്,ഐ.എച്ച്.ആർ.ഡി ഫീസ് വർദ്ധനയ്‌ക്കെതിരെ നടത്തിയ സമരത്തിലാണ് സംഘർഷവും ബ്ലേഡ് പ്രയോഗവുമുണ്ടായത്. പ്രവർത്തകരെ പൊലീസ് ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു എസ്.എഫ്.ഐയുടെ ആരോപണം. എന്നാൽ സമരക്കാർ ബ്ലേഡ് ഉപയോഗിച്ച് അക്രമം നടത്തിയെന്നായിരുന്നു പൊലീസ് വാദം. സംഘർഷത്തിനിടെ ബ്ലേഡുകൊണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
സംഭവം വിവാദമായതോടെ സമരത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതോടെ ബാരിക്കേഡുകൾ തമ്മിൽ കൂട്ടിക്കെട്ടിയിരുന്ന കയർ മുറിക്കാൻ സമരക്കാർ ബ്ലേഡ് കൊണ്ടുവരികയായിരുന്നുവെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കയർ മുറിച്ചതിന് പുറമേ പൊലീസുകാരെ മുറിവേൽപ്പിക്കുകയും ചെയ്‌തെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ്,സെക്രട്ടറി സഞ്ജീവ് എന്നിവരടക്കമുള്ളവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ,പൊലീസുകാരെ ആക്രമിക്കൽ അടക്കം വിവിധ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |