SignIn
Kerala Kaumudi Online
Sunday, 26 July 2026 5.08 AM IST

തിരുവല്ല - മല്ലപ്പള്ളി റോഡ്: ജനങ്ങളുടെ സംശയങ്ങൾക്ക് എം.എൽ.എ മറുപടി പറയണം : അനൂപ് ആന്റണി

തിരുവല്ല: ചേലക്കൊമ്പ്– മല്ലപ്പള്ളി–തിരുവല്ല റോഡ് നിർമ്മാണം പുനരാരംഭിക്കുമെന്ന് വർഗീസ് മാമൻ എം.എൽ.എ ഫേസ്ബുക്കിലൂടെ അറിയിച്ച സാഹചര്യത്തിൽ, വർഷങ്ങളായി ഈ റോഡിനായി കാത്തിരിക്കുന്ന ജനങ്ങളുടെ ആശങ്കകൾക്ക് വ്യക്തമായ മറുപടി നൽകണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു. കഴിഞ്ഞ 10വർഷത്തിലേറെയായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോഡ് പദ്ധതിയെക്കുറിച്ച് അവ്യക്തമായ പ്രഖ്യാപനങ്ങളിലൂടെ ജനങ്ങളെ വീണ്ടും കബളിപ്പിക്കരുത്. റോഡ് നിർമ്മാണം എപ്പോൾ ആരംഭിക്കും,എപ്പോൾ പൂർത്തിയാകും എന്നതിന്റെ കൃത്യമായ സമയക്രമം വ്യക്തമാക്കണം. ഈ പദ്ധതിയുടെ ഏറ്റവുംവലിയ ചോദ്യം ഫണ്ടിംഗ് പ്ലാൻ ആണ്. 2017ൽ 83കോടി രൂപയുടെ പദ്ധതിയായി പ്രഖ്യാപിച്ച റോഡ്, ഇന്നത്തെ സാഹചര്യത്തിൽ അതേ തുകയ്ക്ക് പൂർത്തിയാക്കാൻ കഴിയില്ലെന്നത് വ്യക്തമാണ്. നിർമ്മാണച്ചെലവ് ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ ആവശ്യമായി വരുന്ന അധികതുക എവിടെനിന്ന് കണ്ടെത്തുമെന്ന് വ്യക്തമാക്കണം. സംസ്ഥാന സർക്കാരിൽ നിന്ന് ഇതിനാവശ്യമായ പുതുക്കിയ ഭരണാനുമതിയോ സാമ്പത്തിക അനുമതിയോ ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കണം. സംസ്ഥാന ബഡ്ജറ്റിൽ ഈപദ്ധതിക്കായി പ്രത്യേകമായി തുക വകയിരുത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ, പദ്ധതിക്ക് ആവശ്യമായ ധനസ്രോതസ് എന്താണെന്നും സർക്കാർ വ്യക്തമാക്കണം. അതോ നിലവിലുള്ള റോഡിൽ ടാറിംഗ് നടത്തി പ്രവൃത്തി അവസാനിപ്പിക്കാനാണോ സർക്കാർ ഉദ്ദേശിക്കുന്നത്. അല്ലെങ്കിൽ ജനങ്ങൾ ആവശ്യപ്പെടുന്നപോലെ റോഡിന്റെ വീതികൂട്ടി ആധുനിക നിലവാരത്തിൽ സമ്പൂർണമായി നിർമ്മിക്കാനാണോ പദ്ധതിയെന്ന കാര്യത്തിലും വ്യക്തത വേണം.
ജനങ്ങളുടെ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യമെങ്കിൽ ഭാവി ആവശ്യങ്ങൾ കൂടി പരിഗണിച്ച് നിലവാരമുള്ള റോഡ് നിർമ്മാണമാണ് ഉറപ്പാക്കേണ്ടത്. ഫേസ്ബുക്ക് പ്രഖ്യാപനങ്ങൾക്കപ്പുറം വ്യക്തമായ രേഖകളും സമയക്രമവും ധനസമാഹരണ പദ്ധതിയും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കണമെന്നും അനൂപ് ആന്റണി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL