SignIn
Kerala Kaumudi Online
Sunday, 26 July 2026 5.08 AM IST

കേരളകൗമുദി വാർത്ത തുണയായി, വള്ളിക്കോട്ടേയ്ക്ക് പുതിയ ബസ് സർവീസ് തീരുമാനം ആർ.ടി.എ ബോർഡ് യോഗത്തിൽ

kaumudi-impact-
മേയ് 9ന് കേരള കൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ട്

പത്തനംതിട്ട : വള്ളിക്കോട്ട് നിവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമായി പുതിയ ബസ് സർവീസ് തുടങ്ങാൻ അനുമതി. ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷ്ണർ കെ.ജോഷി, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ആർ.ടി.എ ബോർഡ് യോഗത്തിലാണ് പത്തനംതിട്ടയിൽ നിന്നും താഴൂർക്കടവ് -വള്ളിക്കോട് -ചന്ദനപ്പള്ളി വഴി കൊടുമൺ പാണൂരിലേക്ക് പുതിയ ബസ് സർവീസ് തുടങ്ങാൻ പെർമിറ്റ് നൽകിയത്. കെ.എസ്.ആർ.ടി.സി ബസുകളുടെ കുറവിനെ തുടർന്ന് സ്വകാര്യ ബസിനാണ് പെർമിറ്റ് നൽകിയിരിക്കുന്നത്. ബസും സമയക്രമവും നിശ്ചയിച്ച ശേഷം ഉടൻ സർവീസ് തുടങ്ങും. ഡിപ്പോകളിൽ പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ എത്തുന്നതിന് അനുസരിച്ച് വള്ളിക്കോട് വഴി ഗ്രാമവണ്ടികൾ തുടങ്ങുന്ന കാര്യവും പരിഗണിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ബസുകളുടെ അഭാവത്തെ തുടർന്ന് നടന്നുവലയുന്ന വള്ളിക്കോട് നിവാസികളുടെ യാത്രാദുരിതം ചൂണ്ടിക്കാട്ടി കേരള കൗമുദി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തകൾ സഹിതമാണ് വള്ളിക്കോട് പഞ്ചായത്തിലെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ആക്ഷൻ കൗൺസിൽ ഭാരവാഹികളും ഗതാഗത വകുപ്പ് മന്ത്രിക്കും ആർ.ടി.ഒയിക്കും നിവേദനം നൽകിയിരുന്നത്. 121 അപേക്ഷകൾ പരിഗണിച്ചതിൽ നിന്നും വള്ളിക്കോടിനെ ഒഴിവാക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും കേരള കൗമുദി വാർത്തകളുടെ പശ്ചാത്തലം കൂടി മനസിലാക്കി സ്വകാര്യ ബസിന് പെർമിറ്റ് നൽകുകയായിരുന്നു.

കാത്തിരിപ്പിന് ആശ്വാസം

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വള്ളിക്കോട് വഴി പുതിയ ബസിന് പെർമിറ്റ് ലഭിക്കുന്നത്. ബസ് സർവീസുകളുടെ കുറവ് വള്ളിക്കോട് പ്രദേശത്തെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. കാർഷിക ഗ്രാമംകൂടിയായ വള്ളിക്കോട്ടെ കർഷകർ കാർഷിക വിളകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും മറ്റും പത്തനംതിട്ട, കൊടുമൺ, അടൂർ മാർക്കറ്റുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

.......................................................

ബസ് സർവീസുകളുടെ കുറവ് മൂലം അമിത ചാർജ്ജ് നൽകി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. നേരത്തെ കെ.എസ്.ആർ.ടി.സി ഉൾപ്പടെ നിരവധി ബസുകൾ സർവീസ് നടത്തിയിരുന്ന പ്രദേശമാണിത്. പുതിയ സർവ്വീസ് തുടങ്ങുന്നത് ഏറെ ആശ്വാസമാകും.

(പ്രദേശവാസികൾ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL