ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി പശ്ചിമ ബംഗാൾ സ്വദേശിയെ പൊലീസ് പിടികൂടി. പശ്ചിമ ബംഗാളിലെ മാൾഡ സാന്താപൂർ സ്വദേശി മോസ്റ്റാഫ (36) ആണ് പിടിയിലായത്. ഇയാളിൽനിന്ന് 11.554 ഗ്രാം ഹെറോയിൻ കണ്ടെടുത്തു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം. റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ പൊലീസ് തടഞ്ഞുനിറുത്തി പരിശോധിക്കുകയായിരുന്നു. വിശദമായ ദേഹപരിശോധനയിൽ ഇയാൾ ധരിച്ചിരുന്ന ജീൻസിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത ഹെറോയിന് വിപണിയിൽ ഏകദേശം ഒരു ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് വ്യക്തമാക്കി.
ചെങ്ങന്നൂർ സി.ഐ.രതീഷ് കുമാർ, എസ്.ഐ.പ്രദീപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.അനീഷ്, എൻ.മിഥിലാജ്, ഹരീഷ് കുമാർ, അനിൽകുമാർ, വിപിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റുരേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |