
കോന്നി : വന്യമൃഗശല്യത്തെ തുടർന്ന് കിടപ്പാടം ഉപേക്ഷിച്ച് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയിൽ ഇടംതേടിയ അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് നിവാസികളായ 50 കുടുംബങ്ങൾ നഷ്ടപരിഹാരത്തിനായി കാത്തിരിപ്പ് തുടരുന്നു.
വനാതിർത്തിയിൽ താമസിക്കുന്നവർ, വന്യജീവികളുടെ ശല്യത്താൽ ദുരിതം അനുഭവിക്കുന്നവർ എന്നിവർ തങ്ങളുടെ പട്ടയഭൂമി വനംവകുപ്പിന് കൈമാറുന്നതാണ് പദ്ധതി. വനംവകുപ്പ് ഏറ്റെടുക്കുന്ന ഭൂമിക്ക് ഒരു യൂണിറ്റിന് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും.
റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ ശ്രമിച്ച പദ്ധതിയിൽ വനമേഖലയിലെ സ്വകാര്യവാസ മേഖലകളിൽ കഴിയുന്ന കുടുംബങ്ങളുടെ പുനരധിവാസം ലക്ഷ്യമിടുകയായിരുന്നു. കോന്നി വനംഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചിലെ വനമേഖലയോട് ചേർന്ന കൊക്കാത്തോട്ടിൽ വന്യമൃഗശല്യം രൂക്ഷമായതിനാൽ 306 അപേക്ഷകളാണ് പുനരധിവാസ പാക്കേജിൽ ലഭിച്ചത്. ഇതിൽ 24 കുടുംബങ്ങളുടെ ഭൂമി ഏറ്റെടുത്ത് പണം കൈമാറിയിരുന്നു. എഗ്രിമെന്റ് വച്ച 50 കുടുംബങ്ങൾക്ക് പണം ലഭിക്കാനുണ്ട്.
കൊക്കാത്തോട്ടിൽ ഇന്നുള്ളത് 1948 മുതൽ കുടിയേറിയവരാണ്. നാല് തലമുറവരെ ഇവിടെ കഴിഞ്ഞു. കൃഷിയായിരുന്നു പ്രധാന ഉപജീവനമാർഗം. റീബിൽഡ് കേരള പദ്ധതിയിലൂടെ സഹായം പ്രഖ്യാപിച്ചത് 2019ലാണ്.
നഷ്ടപരിഹാരം 15 ലക്ഷം മുതൽ
രണ്ട് ഹെക്ടർവരെ ഭൂമിയുള്ള ഓരോകുടുംബത്തിനും 15 ലക്ഷം രൂപ വീതം നൽകുന്നതിനു പുറമെ, കുടുംബത്തിലെ പ്രായപൂർത്തിയായ ഓരോ അംഗത്തിനും 15 ലക്ഷം രൂപ വേറെയും നൽകും. രണ്ട് ഹെക്ടറിനു മുകളിൽ ഭൂമിയുണ്ടെങ്കിൽ അധികമുള്ള ഓരോ ഹെക്ടറിനെയും ഓരോ പാർപ്പിട യൂണിറ്റായി കണക്കാക്കി 15 ലക്ഷംവീതം അധികം നൽകും. ഭൂമി മാത്രമേയുള്ളൂവെങ്കിൽ 15 ലക്ഷം മാത്രം നൽകും. ഇത്തരത്തിൽ ഒരു കുടുംബത്തിനു പരമാവധി ലഭിക്കാവുന്ന തുക 45 ലക്ഷമാണ്. കൂടുതൽ ഭൂമിയുള്ളവർക്കും ഈ തുക മാത്രമേ ലഭിക്കുകയുള്ളൂ. താമസിച്ചുകൊണ്ടിരിക്കുന്ന പട്ടയ ഭൂമി വനംവകുപ്പ് ഏറ്റെടുത്തശേഷം ആദ്യഗഡു അനുവദിക്കും. പരിശോധന പൂർത്തീകരിച്ച അപേക്ഷകൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അദ്ധ്യക്ഷനായ കമ്മിറ്റി അംഗീകരിക്കണം.
1.കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് വനാതിർത്തികളിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക.
2. വനത്തിനുള്ളിലെ മനുഷ്യസാന്നിദ്ധ്യം കുറയ്ക്കുന്നതിലൂടെ വന്യജീവികൾക്ക് തടസ്സമില്ലാത്ത സ്വാഭാവിക ആവാസവ്യവസ്ഥ ഉറപ്പാക്കുക.
3. ഉൾക്കാടുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് റോഡ്, വൈദ്യുതി, വിദ്യാഭ്യാസം, മികച്ച ആരോഗ്യപരിപാലനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുള്ള പൊതുസമൂഹത്തിലേക്ക് വരാൻ അവസരമൊരുക്കുക.
പണമാണ് പ്രശ്നം
അപേക്ഷകളിൽ ഭൂരിഭാഗവും പരിശോധന പൂർത്തിയാക്കി വനംവകുപ്പിന്റെ ഉന്നത സമിതികളുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. തുക അനുവദിക്കുന്ന മുറയ്ക്ക് മാത്രമേ നഷ്ടപരിഹാരം നൽകാനാകൂ.
റീബിൽഡ് കേരള (Rebuild Kerala) പദ്ധതിയിൽ ഉൾപ്പെടുത്തി, കിഫ്ബി വഴിയാണ് ഇതിനാവശ്യമായ തുക ലഭ്യമാക്കുന്നത്. കിഫ്ബിയുടെ പ്രത്യേക സാമ്പത്തിക പരിശോധനകളും ഫണ്ട് റിലീസ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയാകാൻ സമയമെടുക്കുന്നത് പുനരധിവാസ പാക്കേജിന് തടസമാകുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |