SignIn
Kerala Kaumudi Online
Sunday, 28 June 2026 3.02 AM IST

ശബരിമല സ്വർണക്കൊള്ള; അന്തിമ കുറ്റപത്രം നിർണായകം

sabarimala

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളയിൽ എസ്.ഐ.ടി 29ന് നൽകുന്ന അന്തിമ റിപ്പോർട്ട് പി.എസ്.പ്രശാന്ത് പ്രസിഡന്റായ ദേവസ്വം ബോർഡിനും തന്ത്രിക്കും ഉദ്യോഗസ്ഥർക്കും നിർണായകമാകും. 2019ൽ നടന്ന സ്വർണക്കൊള്ള മറയ്ക്കാനാണ് 2025ൽ വീണ്ടും ദ്വാരപാലക പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ കമ്പനിയിലെത്തിച്ച് സ്വർണം പൂശിയതെന്നാണ് എസ്.ഐ.ടിയുടെ വാദം. ശബരിമലയിൽ വ്യവസായി വിജയ് മല്യ സ്വർണം പൊതിഞ്ഞ് സമർപ്പി​ച്ച ശ്രീകോവിലിന്റെ മേൽക്കൂര, കട്ടിളപ്പാളി, ദ്വാരപാലക ശില്പ പാളികൾ, വശങ്ങളിലെ തൂണുകൾ തുടങ്ങി എല്ലാ ഭാഗങ്ങളും സൂഷ്മമായി പരിശോധിക്കുകയും സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തുകയും ചെയ്തു. ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ കൃത്യമായ തൂക്കവും മൂല്യവും കണ്ടെത്തുന്നതിനുള്ള പരിശോധനകളാണ് നടത്തിയത്.
എറ്റവും ഒടുവിൽ മിഥുനമാസ പൂജകൾക്കായ് നടതുറന്ന 14ന് കട്ടിളപാളിക്ക് മുകളിലുള്ള ലക്ഷ്മീരൂപത്തിലുള്ള പ്രഭാമണ്ഡലവും ഹൈക്കോടതിയുടെ അനുമതിയോടെ ഇളക്കി പരിശോധിച്ചു. ഇതിനു ശേഷമാണ് അന്തിമ കുറ്റപത്രം തയ്യാറാക്കുന്ന നടപടികളിലേക്ക് കടന്നത്.

പി.എസ്.പ്രശാന്ത് പ്രസിഡന്റായിരുന്ന ബോർഡാണ് ദ്വാരപാലക ശില്പപാളികൾ അറ്റകുറ്റപ്പണി നടത്താനും വീണ്ടും സ്വർണം പൂശാനും അനുമതി നൽകിയത്. 2025 സെപ്തംബർ 7ന് രാത്രി നടയടച്ചശേഷം ദ്വാരപാലക ശില്പത്തിലെ സ്വർണം പൂശിയ പാളികൾ അഴിച്ചെടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോയി. ദേവസ്വം ബോർഡിന്റെ ഈ നടപടിക്കെതിരെ ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതോടെയാണ് സ്വർണക്കൊള്ളയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിഞ്ഞത്.

എസ്.ഐ.ടി നൽകുന്ന റിപ്പോർട്ട് പരിശോധിച്ച ശേഷം ഹൈക്കോടതി എടുക്കുന്ന തീരുമാനമാണ് കേസിൽ ഇനിയുള്ള അന്വേഷണത്തിൽ നിർണായകമാകും.

പ്രശാന്തിന്റെ വാദം

2025ൽ നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം ദ്വാരപാലക പീഠങ്ങളും പാളികളും ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നാണ് പി.എസ്.പ്രശാന്ത് വ്യക്തമാക്കുന്നത്. 2019ൽ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം നേരിട്ട് കൊടുത്തുവിടുകയായിരുന്നു. ഇക്കുറി ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവാദിത്വത്തിൽ വിജിലൻസ് എസ്.പി, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ദേവസ്വം സ്മിത്ത് എന്നിവരുടെ സാന്നിദ്ധ്യത്തിൽ അഴിച്ചെടുത്ത് ദേവസ്വം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിജിലൻസ് ഉദ്യോഗസ്ഥരുടെയും ദേവസ്വം ഗാർഡുകളും ചേർന്നാണ് ചെന്നൈയിലെത്തിച്ചാണ് പണികൾ നടത്തിയത്. മാത്രമല്ല എല്ലാകാര്യങ്ങളും വീഡിയോയിൽ പകർത്തുകയും ചെയ്തു. സ്വർണം പൂശിയ ശേഷം തൂക്കത്തിലും വർദ്ധനവുണ്ടായി. ഇതെല്ലാം ബോർഡിന്റെ സുതാര്യതയാണ് കാണിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL