
പകർച്ചവ്യാധികൾക്ക് മുന്നിൽ പകച്ച് ആരോഗ്യവകുപ്പ്
പാലക്കാട്: ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു, ആശങ്കയൊഴിയാതെ ആരോഗ്യവിഭാഗം. പ്രതിദിനം ശരാശരി 1200 പേർ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പനിബാധിച്ച് ചികിത്സ തേടുന്നുണ്ടെന്നാണഅ കണക്കുകൾ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച മുതൽ തുടർച്ചയായ നാലുദിവസവും 1000ലധികം പേർ ആശുപത്രിയിലെത്തിയിരുന്നു. വ്യാഴാഴ്ച മാത്രം 1,084 പേരാണ് ചികിത്സതേടിയത്. തിങ്കൾ- 1127, ചൊവ്വ- 1382, ബുധൻ-1259 എന്നിങ്ങനെയാണ് പനി ബാധിച്ചവരുടെ എണ്ണം.
24 ദിവസത്തിനിടെ 288 പേർക്കാണ് പാലക്കാട് ഡെങ്കിപ്പനി ബാധിച്ചത്. ഒന്നര മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് ആറുപേരാണ് മരിച്ചത്. അങ്കണവാടി ജീവനക്കാരിയായ ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്തുകുളമ്പ് സ്വദേശിനി ഗീത, കരിമ്പുഴ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ വീട്ടിൽ മറിയ, താഴേക്കോട് പി.ടി.എം.എച്ച്.എസ്.എസിലെ അദ്ധ്യാപകൻ കരിമ്പുഴ കരിപ്പമണ്ണ പുളിക്കാഞ്ചേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ, അകത്തേത്തറ സ്വദേശികളായ കൃഷ്ണൻ, മോഹനൻ, പട്ടാമ്പി സ്വദേശിയായ എഴുപത്തിനാലുകാരി എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.
അഗളി, അലനല്ലൂർ, അമ്പലപ്പാറ, എലവഞ്ചേരി, കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കരിമ്പുഴ, കിഴക്കഞ്ചേരി, കോങ്ങാട്, കോട്ടോപ്പാടം, കുലുക്കല്ലൂർ, കുമരംപുത്തൂർ, മലമ്പുഴ, മങ്കര, മണ്ണാർക്കാട്, മരുതറോഡ്, പാലക്കാട്, പറളി, പെരിങ്ങോട്ടുകുറുശി, പെരുമാട്ടി, തച്ചനാട്ടുകര, തെങ്കര എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി വ്യാപിച്ചിരിക്കുന്നത്. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനിയുടെ വ്യാപനത്തിന് കാരണമായിട്ടുണ്ട്. എലിപ്പനി ബാധിച്ച് രണ്ടുപേരും മരിച്ചിരുന്നു. ഒരാഴ്ച മുമ്പ് വടക്കഞ്ചേരി സ്വദേശിയായ പന്ത്രണ്ടുകാരന് ഷിഗല്ലയും സ്ഥിരീകരിച്ചിരുന്നു. ഇതിനിടയിൽ എച്ച്1 എൻ1 ബാധിച്ച് രണ്ടുപേർ മരിച്ചതും ആശങ്ക വർദ്ധിപ്പിച്ചു. കരിമ്പുഴ എളമ്പുലാശേരി സ്വദേശി എഴുപത്തിയേഴുകാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. പകർച്ചവ്യാധി പെരുകുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സർക്കാരിന് വൻ വീഴ്ച ഉണ്ടായി. മരണ സംഖ്യ ഉയർന്നിട്ടും വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാത്ത ആരോഗ്യ വകുപ്പിനെതിരെ പ്രതിഷേധം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |