കോഴിക്കോട്: വന്യമൃഗ സംഘർഷവുമായി ബന്ധപ്പെട്ട് 29ന് തിരുവമ്പാടി പാരിഷ് ഓഡിറ്റോറിയത്തിൽ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന കോൺക്ളേവിൽ പ്രതീക്ഷയർപ്പിച്ച് മലയോര കർഷകർ. വന്യമൃഗ ശല്യം, നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അഭിപ്രായ സമന്വയം നടത്തി പുതിയ പെെലറ്റ് പ്രൊജക്ടുകൾ നടപ്പാക്കാനാണ് സർക്കാർ തീരുമാനമെന്നാണ് കൃഷിമന്ത്രി ടി. സിദ്ദീഖ് ഇന്നലെ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. സംസ്ഥാനത്തിന് ചെയ്യാനാവുന്നവ ചെയ്യും. കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തേണ്ടവയിലും നടപടിയെടുക്കും. പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക, കുരങ്ങനെ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുള്ള പട്ടികയിൽ നിന്ന് മാറ്റുക തുടങ്ങിയവ കേന്ദ്രസർക്കാർ, നിയമഭേദഗതിയിലൂടെ ചെയ്യേണ്ടവയാണ്. ഇത്തരം കാര്യങ്ങൾക്കായി സമ്മർദ്ദം ചെലുത്തും. അതേസമയം നഷ്ടപരിഹാരം, വന്യമൃഗശല്യത്തിനെതിരായ പ്രതിരോധ പ്രവർത്തനം തുടങ്ങിയവയിൽ സംസ്ഥാന സർക്കാർ പുതിയ പദ്ധതികൾ ആവിഷ്കരിക്കും. കോൺക്ളേവിൽ കൃഷി, റവന്യൂ, വനം വകുപ്പ് പ്രതിനിധികളും കാർഷിക സർവകലാശാല, കേരള വനഗവേഷണ കേന്ദ്രം (കെ.എഫ്.ആർ.ഐ) അടക്കമുള്ള കൃഷി അനുബന്ധ സ്ഥാപനങ്ങളുടെ പ്രതിനിധികളും കർഷകരും പങ്കെടുക്കും. രണ്ടര മാസത്തോളമായി കോൺക്ളേവുമായി ബന്ധപ്പെട്ട ചർച്ചകളും ഒരുക്കങ്ങളും നടക്കുന്നു. ഔഷധ സസ്യ കൃഷി പോലുള്ള ചില പ്രത്യേക കൃഷിരീതിയിലൂടെ വന്യമൃഗങ്ങളെ അകറ്റാമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. ഇതിന്റെ സാദ്ധ്യതയുൾപ്പെടെ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി ലോല മേഖലയിൽ (ഇ.എസ്.എ) കൃഷിസ്ഥലങ്ങളും ജനവാസ മേഖലകളും ഉൾപ്പെടുന്നതിനെതിരെ കേരളത്തിന്റെ മറുപടി 24നകം നൽകും. കേന്ദ്രസർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ ജനവാസ മേഖലകൾ ഉൾപ്പെടുന്നത് മലയാേര കർഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കാൻ വേണ്ടത് ചെയ്യുമെന്നും പറഞ്ഞു.
ഇൻഷ്വറൻസ് കവറേജ് പരിഷ്കരിക്കും
വന്യജീവി ആക്രമണത്തിനിരയാകുന്നവർക്കുള്ള നഷ്ടപരിഹാര തുക ഇനിയും വലിയ തോതിൽ വർദ്ധിപ്പിക്കാൻ വനം വകുപ്പ് നടപടി സ്വീകരിച്ചു വരുന്നു. വന്യജീവി ആക്രമണം മൂലമുള്ള വിളനാശത്തിന് നൽകുന്ന നഷ്ടപരിഹാരം 25 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. മുൻകാലങ്ങളിലെ കുടിശിക വിതരണം ചെയ്യുന്നു. 2021 മുതലുള്ള ദുരന്ത നിവാരണ ഫണ്ട് കുടിശികയും വിത്തുതേങ്ങ കർഷകർക്കുള്ള കുടിശികയും വിതരണം ചെയ്യാനുള്ള നടപടി ഊർജ്ജിതമാക്കി.കർഷകർക്ക് പരമാവധി പ്രയോജനം ലഭിക്കുന്ന രീതിയിൽ ഇൻഷ്വറൻസ് കവറേജിൽ ആവശ്യമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്നും കൃഷി മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |