SignIn
Kerala Kaumudi Online
Friday, 26 June 2026 3.05 AM IST

@ 1:1 അനുപാതം ജീവിതം വഴിമുട്ടി 200 എയ്ഡഡ് അദ്ധ്യാപകർ

കുറ്റ്യാടി : വിദ്യാർത്ഥി- അദ്ധ്യാപക അനുപാതത്തിൽ 1:1 വ്യവസ്ഥ കർശനമാക്കിയതോടെ കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര നിയോജക മണ്ഡലങ്ങളിൽ നിയമന അംഗീകാരം ലഭിക്കാതെ ജീവിതം വഴിമുട്ടി ഇരുന്നൂറിലേറെ എയ്ഡഡ് അദ്ധ്യാപകർ. 2021ന്ശേഷം അധിക തസ്‌തികകളിൽ നിയമനം ലഭിച്ച അദ്ധ്യാപകരാണ് നാളിതുവരെ ഒരു രൂപ പോലും ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്നത്.

മാനേജ്മെന്റും സർക്കാരും തമ്മിലുള്ള നിയമ യുദ്ധത്തിൽ ഞങ്ങളെ എന്തിന് ബലിയാടാക്കുന്നുവെന്നാണ് അദ്ധ്യാപകരുടെ ചോദ്യം.

എയ്‌ഡഡ് സ്‌കൂളുകളിൽ പുതിയ തസ്‌തികകൾ ഉണ്ടാകുമ്പോൾ ഒരു ഓപ്പൺ നിയമനത്തിന് ഒരു സംരക്ഷിത അദ്ധ്യാപകന് 1:1 എന്ന അനുപാതം പാലിച്ച് നിയമനം നടത്തണമെന്നതാണ് നിലവിലെ കെ.ഇ.ആർ വ്യവസ്ഥ. 2021 വരെയുള്ള അഡിഷണൽ തസ്‌തികളിൽ നിയമനം ലഭിച്ച അദ്ധ്യാപകർക്ക് സംരക്ഷണ അദ്ധ്യാപകരുടെ നിയമനം സംബന്ധിച്ച 1:1 അനുപാതത്തിൽ ഇളവ് നൽകി നിയമനാംഗീകാരം നൽകിയിരുന്നു. എന്നാൽ 2021 നു ശേഷം നിയമനം നേടിയവർക്ക് ഈ ആനുകൂല്യം ലഭിക്കാത്തതിനാൽ അവരുടെ നിയമനാംഗീകാരം അഞ്ച് വർഷക്കാലമായി തടസപ്പെട്ടിരിക്കുകയാണ്.

2021-ലെ തസ്തിക നിർണയത്തിന് ശേഷം സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കപ്പെട്ട അധിക തസ്‌തികകളിൽ മാനേജർമാർ നിയമിച്ച അദ്ധ്യാപകരാണ് പെരുവഴിയിലായിരിക്കുന്നത്. പല വിദ്യാലയങ്ങളിലും തത്തുല്യമായ വിഷയങ്ങളിൽ നിയമിക്കാൻ സർക്കാർ ലിസ്റ്റിൽ സംരക്ഷിത അദ്ധ്യാപകർ ലഭ്യമല്ലാത്ത സാഹചര്യത്തിലും അനുപാതത്തിന്റെ പേരിൽ പുതിയ അദ്ധ്യാപകരുടെ അംഗീകാരം തടഞ്ഞുവെച്ചിരിക്കുകയാണ്. സംരക്ഷിത അദ്ധ്യാപക നിയമനം സംബന്ധിച്ച കോടതിവിധി വരുംവരെ, 2021 വരെയുള്ള നിയമനങ്ങൾക്ക് നൽകിയ ഇളവ് 2025 വരെ നിയമിക്കപ്പെട്ടവർക്കും ദീർഘിപ്പിക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം.

ഉത്തരവിൽ ഇളവ് കൊണ്ടുവരണം

2016 മുതൽ 2021 വരെ അധിക തസ്‌തികകളിൽ നിയമിതാരായ അദ്ധ്യാപകർക്ക് നിയമനാംഗീകാരം നൽകാൻ 04/2021 എന്ന ഉത്തരവ് പ്രകാരം ഇളവ് കൊണ്ട് വന്നിരുന്നു. 2022 മുതൽ അനുവദിച്ച അധിക തസ്‌തികയിൽ നിയമനം ലഭിച്ച് ശമ്പളമോ മറ്റു അനുകൂല്യങ്ങളോ ഇല്ലാതെ തുടരുന്ന അധ്യാപകർക്ക് അംഗികാരം നൽകാൻ 4/2021 എന്ന ഉത്തരവ് പുതുക്കി പൊതു വിദ്യാഭ്യാസ വകുപ്പ് ( ജെ.ആർ) പുറത്തിറക്കണമെന്ന് കേരള അഡിഷണൽ ടിച്ചേഴ്‌സ് കളക്‌ടീവ് എന്ന സംഘടനയുടെ ആവശ്യം.

"കേരളത്തിൽ ആയിരത്തിലധികം അദ്ധ്യാപകരാണ് സമാന അവഗണന നേരിടുന്നത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയെയുംവിദ്യാഭ്യാസ മന്ത്രിയെയും സമീപിച്ചിരുന്നു, പുതിയ സർക്കാർ അധ്യാപകർക്ക് അനുകൂലമായ നടപടിയെടുക്കണം'.

" മുഹമ്മദ് പേരോട്, അദ്ധ്യാപകൻ പേരോട് എം.ഐ.എം. എച്ച്. സ്‌കൂൾ.

" നാളിതുവരെ ഒരു ആനുകൂല്യവും ലഭിക്കാതെ നിരവധി ചെറുപ്പക്കാരായ അദ്ധ്യാപകരുടെ ജീവിതം വഴിമുട്ടി നിൽക്കുകയാണ് "

ജുഗൽ രാജ്. സി ചാന്തോള്ളതിൽ, അദ്ധ്യാപകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL