കൊട്ടാരക്കര : സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റേഷനുകളിലൊന്നായ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ബസ് പാർക്കിംഗ് ക്രമീകരണം കാലോചിതമായി പരിഷ്ക്കരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ അശാസ്ത്രീയമായ രീതിയിൽ ബസുകൾ തോന്നുംപടിയാണ് ഇവിടെ പാർക്ക് ചെയ്യുന്നത്. അതിനാൽ തിരക്കുള്ള സമയങ്ങളിൽ യാത്രക്കാർക്ക് തങ്ങൾ പോകേണ്ട ബസുകൾ കണ്ടെത്താനും കയറാനും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
തടസമായി സമാന്തര പാർക്കിംഗ്
പ്രതിദിനം നൂറുകണക്കിന് ബസുകളാണ് ഈ പ്രധാന ഡിപ്പോയിൽ വന്നുപോകുന്നത്. മറ്റ് ഡിപ്പോകളിൽ നിന്നുള്ള ദീർഘദൂര സർവീസുകൾ സ്റ്റേഷനിൽ പ്രവേശിച്ച് സ്റ്റേഷൻ മാസ്റ്റർ ഓഫീസിന് സമാന്തരമായി (പാരലൽ) നിർത്തിയാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇതുമൂലം പാർക്കിംഗ് ഗ്രൗണ്ടിൽ ബോർഡ് വെച്ച് കിടക്കുന്ന മറ്റ് ബസുകൾ കാണാൻ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് കഴിയുന്നില്ല.
വിദ്യാർത്ഥികളുടെ തിരക്കും സുരക്ഷാഭീഷണിയും
വൈകിട്ട് മൂന്നരയോടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ എത്തിച്ചേരുന്നതോടെ പാർക്കിംഗ് ഗ്രൗണ്ട് വലിയ തിരക്കിലാവുകയാണ്. വിദ്യാർത്ഥികളുടെ കൂട്ടംചേരലും ഓട്ടവും ബഹളവും മറ്റ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കൂടാതെ പ്രിയദർശിനി സൗജന്യ ബസ് സർവീസ് ആരംഭിച്ചതോടെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലും വൻ വർദ്ധനവുണ്ടായിട്ടുണ്ട്. ഇതിൽ പലരും പരസഹായമില്ലാതെ യാത്ര ചെയ്യുന്നവരും ക്ഷേത്രദർശനത്തിന് എത്തുന്ന മുതിർന്നവരുമാണ്. ഇത്തരം തിരക്കിൽ പെട്ട് ഇവർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയും കൂടുതലാണ്.
പരിഹാര നിർദ്ദേശങ്ങൾ
സ്റ്റേഷനിലെ അപകടങ്ങൾ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഇനിപ്പറയുന്ന മാറ്റങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു:
രണ്ട് തട്ടുകളായുള്ള പാർക്കിംഗ്: ഗ്രാമീണ മേഖലകളിലേക്ക് പോകേണ്ട ബസുകൾക്ക് സ്റ്റേഷന്റെ പിൻഭാഗത്ത് പ്രത്യേകം പാർക്കിംഗ് സൗകര്യം ഒരുക്കുക.
സമാന്തര പാർക്കിംഗ് ഒഴിവാക്കുക: ഒരു വാഹനവും പാർക്കിംഗ് ഗ്രൗണ്ടിൽ സമാന്തരമായി പാർക്ക് ചെയ്യാൻ അനുവദിക്കരുത്.
കൃത്യമായ സമയം: ബോർഡ് വെച്ച വാഹനങ്ങൾ അധിക സമയം ഗ്രൗണ്ടിൽ ഇടാതെ നിശ്ചിത സമയത്തിനുള്ളിൽ സ്റ്റേഷൻ വിട്ടുപോകാൻ ക്രമീകരണം ഉണ്ടാക്കുക.
അനൗൺസ്‌മെന്റും നിയന്ത്രണവും: ബസ് സ്റ്റാൻഡിൽ പ്രവേശിച്ചാലുടൻ യാത്രക്കാരെ വിവരമറിയിക്കാൻ കൃത്യമായ അനൗൺസ്‌മെന്റ് സംവിധാനം ഏർപ്പെടുത്തുക. കൂടാതെ ഗ്രൗണ്ടിൽ അലക്ഷ്യമായി ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് നിയന്ത്രിക്കുക.
അനധികൃത കച്ചവടം തടയുക: ബസുകൾക്കുള്ളിലെ അനധികൃത പിരിവും കച്ചവടവും പൂർണമായി തടയുക.
പൊലീസ് എയ്ഡ് പോസ്റ്റും പിങ്ക് പൊലീസ് പിക്കറ്റും സ്റ്റേഷനിൽ നിലവിലുണ്ടെങ്കിലും സെക്യൂരിറ്റി ജീവനക്കാരും മറ്റ് കെ.എസ്.ആർ.ടി.സി ജീവനക്കാരും യാത്രക്കാരുടെ സുരക്ഷയ്ക്കായി കൂടുതൽ ശ്രദ്ധ പുലർത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |