കണ്ണൂർ: ശ്രീകണ്ഠാപുരം കക്കണ്ണംപാറയിലെ ചെങ്കൽ ഖനനവുമായി ബന്ധപ്പെട്ട് ജിയോളജിസ്റ്റ് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഇന്നലെ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നിർദേശിച്ചു. കക്കണ്ണംപാറയിലെ പട്ടികവർഗ ഉന്നതിക്ക് സമീപത്തെ ഖനനം പ്രദേശവാസികളുടെ പരാതിയെ തുടർന്ന് താത്കാലികമായി നിർത്തിയിരുന്നു. എന്നാൽ ഖനനം വീണ്ടും തുടങ്ങിയതോടെ സമരം പുനരാരംഭിച്ചതായി സജീവ് ജോസഫ് എം.എൽ.എ ചൂണ്ടിക്കാട്ടിയതോടെയാണ് കളക്ടർ റിപ്പോർട്ട് തേടിയത്.
മുണ്ടയാട്-കീഴ്പ്പള്ളി ബൈപ്പാസിന് സമാന്തരമായി സർവീസ് റോഡ് വേണമെന്ന് ടി.ഒ മോഹനൻ എം.എൽ.എ ആവശ്യപ്പെട്ടു. മേലേ ചൊവ്വ മേൽപ്പാലം പ്രവൃത്തിയുടെ ഭാഗമായി ഏറ്റെടുക്കേണ്ട ഭൂമിയിലെ കെട്ടിടങ്ങളുടെ വിലനിർണയം നടക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മറുപടി നൽകി. മുണ്ടയാട്-കീഴ്പ്പള്ളി ബൈപ്പാസിന് സമാന്തരമായി സർവീസ് റോഡ് വേണമെന്നും സ്ഥലം ഏറ്റെടുത്തിട്ടും ദേശീയപാത വിഭാഗം റോഡ് നിർമിക്കാൻ തയ്യാറാവുന്നില്ലെന്നും ടി.ഒ. മോഹനൻ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ സർവ്വേയുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ വന്നിട്ടുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്, ഷാഫി പറമ്പിൽ എം.പിയുടെ പ്രതിനിധി എം.പി അരവിന്ദാക്ഷൻ എന്നിവർ പറഞ്ഞു. പരാതികൾ പരിഹരിക്കാൻ സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ മുൻകൈയെടുത്ത് വില്ലേജ് തലത്തിൽ ചർച്ച നടത്തണമെന്ന് കളക്ടർ നിർദേശിച്ചു. ആറളത്ത് ആന മതിൽ നിർമാണം 5.4 കിലോമീറ്റർ പൂർത്തിയാക്കിയതായും ബാക്കി ഭാഗങ്ങളിൽ പ്രവൃത്തി പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ജില്ലാ കളക്ടർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേയർ പി. ഇന്ദിര, എ.ഡി.എം പി.എൻ പുരുഷോത്തമൻ, അസി. കളക്ടർ എസ്. സ്വാതി , ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. രാജേഷ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വളപട്ടണം പാലത്തിലെ കുഴികൾ അടയ്ക്കും
വളപട്ടണം പാലത്തിലെ കുഴികൾ ഗതാഗത കുരുക്കുണ്ടാക്കുന്നുവെന്ന് കെ.വി സുമേഷ് എം.എൽ.എ ചൂണ്ടിക്കാട്ടി. മഴ മാറിയാൽ ഒറ്റ രാത്രി കൊണ്ടുതന്നെ കുഴികൾ അടയ്ക്കാമെന്ന് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥൻ പറഞ്ഞു.
ചുഴലിയിൽ പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കും
പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച ചുഴലിയിൽ പുലിയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ തുടരണമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പ്രദേശത്ത് ഡ്രോൺ പരിശോധന നടത്തുകയാണെന്നും ക്യാമറയിൽ ഇതുവരെ പുലിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
താത്കാലിക ഡോക്ടർമാരെ നിയമിക്കും
ജില്ലയിലെ മിക്ക ആശുപത്രികളിലും ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ക്ഷാമമുള്ളതായി എം.എൽ.എമാരായ ടി.കെ. ഗോവിന്ദൻ, പി.കെ. പ്രവീൺ എന്നിവർ ചൂണ്ടിക്കാട്ടി. ജില്ലയിൽ ഡോക്ടർമാരുടെ മാത്രം 99 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ മറുപടി നൽകി. പി.എസ്.സി നിയമനം നടക്കുന്നുണ്ട്. താത്കാലികമായി ഡോക്ടർമാരെ നിയമിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |