SignIn
Kerala Kaumudi Online
Sunday, 26 July 2026 4.40 AM IST

ഓപ്പറേഷൻ തൂഫാനിടെ പൊലീസിന് നാണക്കേടായി ഉദ്യോഗസ്ഥരുടെ മദ്യപാനം

തൊടുപുഴ: ആഭ്യന്തര വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാൻ, ദ നാർക്കോ ഹണ്ട് " വിജയകരമായി മുന്നേറുന്നതിനിടെ, പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കിടെ മദ്യപിച്ചതിനെ തുടർന്ന് സസ്പെൻഡ് ചെയ്യേണ്ടി വന്നത് സേനയ്ക്കാകെ നാണക്കേടായി. കരിമണ്ണൂർ എസ്‌.ഐ എൻ.എസ്. റോയിയും സി.പി.ഒ ജിജോ ആന്റണിയുമാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചിരുന്നതായി തെളിഞ്ഞത്. ഇത് സ്ഥിരീകരിക്കുന്ന രക്ത പരിശോധനാ റിപ്പോർട്ട് കാക്കനാട് റീജണൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിൽ നിന്ന് ലഭിച്ചെന്നും എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം പറഞ്ഞു. സംഭവദിവസം മുതലുള്ള എല്ലാ വിവരങ്ങളും രേഖകളും ഡി.ഐ.ജിക്കുള്ള റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ബാക്കി നടപടികൾ അദ്ദേഹത്തിന്റെ നിർദേശപ്രകാരമായിരിക്കും. നിലവിൽ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിട്ടില്ല. ഡ്യൂട്ടി സമയം മദ്യപിച്ചതും മദ്യക്കുപ്പിയടക്കമുള്ളവ ഔദ്യോഗിക വാഹനത്തിൽ സൂക്ഷിച്ചതും ഒരു കേസിന്റെ ഭാഗമായാകും പരിഗണിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഇരുവർക്കും ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. സംഭവം ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന ഹർജിയിൽ സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണവും തേടിയിരുന്നു.

രക്ഷിക്കാനുള്ള ശ്രമം വിജയിച്ചില്ല

20ന് പുലർച്ചെ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ മത്സരം ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതിനിടെയാണ് പൊലീസ് ജീപ്പിൽ നിന്ന് മദ്യക്കുപ്പിയും നിരോധിത പുകയില ഉത്പന്നവും ചീട്ടും നാട്ടുകാർ കണ്ടെത്തിയത്‌. സംഭവ സമയം തൊടുപുഴ സ്റ്റേഷനിൽ നിന്ന് എത്തിച്ച ബ്രീത്ത് അനലൈസർ തകരാറിലാണെന്ന് വ്യക്തമായിട്ടും മറ്റൊന്ന് എത്തിക്കാൻ പൊലീസ് ശ്രമിച്ചില്ല. ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന റിപ്പോർട്ട് സമ്പാദിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് രക്തം പരിശോധനയ്ക്ക് അയച്ചത്. 20ന് പകൽ അയച്ചെന്ന് പറയുന്ന രക്ത സാമ്പിളുകൾ പരിശോധിച്ച റിപ്പോർട്ട് ലഭ്യമായെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത് ആറാം നാളായ ഇന്നലെ രാവിലെയാണ്. എസ്.ഐയുടെ പരാതിയിൽ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സി.പി.എം ഏരിയ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കൾ ഉൾപ്പെടെ 208 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

'രക്തപരിശോധനാ ഫലം വന്നതോടെ സംഭവത്തിന്റെ വസ്തുതയാണ് തെളിഞ്ഞത്. അന്നു തന്നെ കാര്യങ്ങൾ വ്യക്തമായതാണ്. നാട്ടുകാർക്കും പൊതുപ്രവർത്തകർക്കുമെതിരെ എടുത്തത് കള്ളക്കേസാണ്."

-സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL