ആലപ്പുഴ: ജില്ലയിലെ കര, ജല ഗതാഗത മേഖലകളെ ഏകോപിപ്പിച്ച് വിനോദസഞ്ചാരത്തിനും യാത്രാസൗകര്യങ്ങൾക്കും പുതിയ മുഖച്ഛായ നൽകാൻ ലക്ഷ്യമിട്ട ആലപ്പുഴ കെ.എസ്.ആർ.ടി.സി മൊബിലിറ്റി ഹബ് പദ്ധതി അനന്തമായി നീളുന്നു. വർഷങ്ങളേറെയായി നിർമ്മാണോദ്ഘാടനങ്ങളും തറക്കല്ലിടലുകളും മാറി മാറി നടന്നിട്ടും, പ്രവൃത്തികൾ പ്രാരംഭഘട്ടത്തിൽ തന്നെ നിലച്ചമട്ടാണ്. കിഫ്ബി വഴി ധനസഹായം അനുവദിച്ച് ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ നിർമ്മിക്കാൻ പദ്ധതിയിട്ട മൾട്ടി-മോഡൽ ഹബാണ് ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥയിലും ചുവപ്പുനാടയിലും കുരുങ്ങിക്കിടക്കുന്നത്. പ്രദേശിക ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്ന് കെട്ടിടത്തിന്റെ ഉയരം 27 മീറ്ററിൽ നിന്ന് 12 മീറ്ററായും കനാൽ തീരത്തുനിന്നുള്ള അകലം 10 മീറ്ററായും ഭേദഗതി വരുത്തി പുതിയ രൂപരേഖ തയ്യാറാക്കിയിരുന്നു. അടുത്തിടെ കെ.എസ്.ആർ.ടി.സി സാങ്കേതിക സമിതി പുനഃസംഘടിപ്പിച്ചതോടെ രൂപരേഖയ്ക്കും എസ്റ്റിമേറ്റ് നിരക്കുകൾക്കും ഔദ്യോഗിക അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ബസ് ടെർമിനൽ, ബോട്ട് ജെട്ടി, ബോട്ട് റിപ്പയറിംഗ് ഡോക്ക്, വാണിജ്യ സമുച്ചയം, മൾട്ടിപ്ലക്സ് തിയേറ്റർ, പാർക്കിംഗ് സൗകര്യം തുടങ്ങി ആലപ്പുഴയുടെ വികസനത്തിന് വൻ കുതിപ്പേകേണ്ട ഈ ഡ്രീം പ്രോജക്ട്, എന്ന് യാഥാർത്ഥ്യമാകുമെന്ന ചോദ്യത്തിന് ആർക്കും ഇതുവരെ ഒരു ഉത്തരമില്ല.
സാങ്കേതിക പ്രശ്‌നം തിരിച്ചടി
1.പദ്ധതിയുടെ ആദ്യരൂപരേഖ അപ്രായോഗികമാണെന്നും പൈതൃക മേഖലയിലെ മാനദണ്ഡങ്ങൾക്ക് നിരക്കാത്തതാണെന്നും നഗരാസൂത്രണ വിഭാഗം ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. കെട്ടിടത്തിന്റെ ഭീമമായ ഉയരവും (27 മീറ്റർ) കനാലിനോട് ചേർന്നുള്ള നിർമ്മാണ ദൂരപരിധിയുമായിരുന്നു പ്രധാന തടസ്സം
2.പൈതൃക മേഖലകളിൽ നിർമ്മാണം നടത്താൻ ആവശ്യമായ ഭൂമിയുടെ അളവിൽ (ഏകദേശം 2 ഹെക്ടർ) കുറവുണ്ടെന്ന സാങ്കേതിക തടസ്സങ്ങളും കരാർ എറ്റെടുത്ത ഇൻകെൽ ലിമിറ്റഡിന് മുന്നിൽ വെല്ലുവിളിയായി. കെ.എസ്.ആർ.ടി.സിയിൽ സാങ്കേതിക വിദഗ്ദ്ധ സമിതി പദവി ഒഴിഞ്ഞുകിടന്നതും തിരിച്ചടിയായി
3. നിലവിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും ഗ്യാരേജും നിൽക്കുന്ന 4.07 ഏക്കറിലാണ് ഹബ് ഉയരേണ്ടത്. ഗാരേജ് താൽക്കാലികമായി വളവനാട്ടേക്ക് മാറ്റാൻ പദ്ധതിയിട്ടിരുന്നെങ്കിലും നാഷണൽ ഹൗസിംഗ് ബോർഡുമായുള്ള വാടക കുടിശിക തർക്കങ്ങളും നിർമ്മാണം വൈകാൻ കാരണമായി
വിസ്തീർണം:
4.07 ഏക്കർ
1,75,000 ചതുരശ്രയടി
മൾട്ടി-മോഡൽ കണക്ടിവിറ്റി: ബസ് ടെർമിനൽ, ബോട്ട് ടെർമിനൽ, വാട്ടർ ടാക്സി/ബോട്ട് റിപ്പയറിംഗ് ഡോക്ക്.
വാണിജ്യ സമുച്ചയങ്ങൾ: ഷോപ്പിംഗ് കോംപ്ലക്സ്, എക്സിബിഷൻ സെന്ററുകൾ, മൾട്ടിപ്ലക്സ് തിയേറ്റർ, റസ്റ്റോറന്റുകൾ, പാർക്കിംഗ് ഏരിയ.
വാട്ടർ മെട്രോ സാദ്ധ്യത: കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ ആലപ്പുഴയിലെ ജലഗതാഗത പാതകളെ കൂടി ബന്ധിപ്പിച്ച് വാട്ടർ മെട്രോ സർവീസുകൾ വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതാ പഠനങ്ങളും കേന്ദ്ര-സംസ്ഥാന തലങ്ങളിൽ പരിഗണനയിലുണ്ട്.
സാങ്കേതിക തടസ്സങ്ങളും വകുപ്പുതല തർക്കങ്ങളും വേഗത്തിൽ പരിഹരിച്ച് നിർമ്മാണം ആരംഭിക്കണം. ജില്ലാ കോടതി പാലത്തിനൊപ്പം ഹബും യാഥാർത്ഥ്യമായാൽ ഏറെ പ്രയോജനകരമാകും
- പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |