
മക്കൾക്കുവേണ്ടി ജീവിതത്തിന്റെ വലിയൊരുഭാഗവും മാറ്റിവയ്‌ക്കുന്നവരാണ് മാതാപിതാക്കൾ. കഷ്‌ടപ്പാടുകൾ അറിയിക്കാതെയാകും പലരും കുട്ടികളെ വളർത്തുന്നത്. സ്വന്തം ഭാവിയും ജോലിയും പോലും മറന്ന് മക്കളെ നോക്കുന്നകാര്യത്തിൽ അമ്മമാരുടെ പങ്ക് അൽപം വലുതാണെന്ന് തന്നെ പറയാം. അവരുടെ ഭക്ഷണം, വസ്‌ത്രം, ആരോഗ്യം, വിദ്യാഭ്യാസം എല്ലാത്തിലും അമ്മമാരാകും കൂടുതൽ ശ്രദ്ധിക്കുന്നത്. ഇപ്പോഴിതാ, കുഞ്ഞുങ്ങളെ തീർച്ചയായും പരിശീലിപ്പിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പറയുകയാണ് ഒരമ്മ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ ഇരട്ടക്കുട്ടികളുടെ വീഡിയോയിലാണ് പേരന്റിംഗിനെക്കുറിച്ച് യുവതി സംസാരിക്കുന്നത്.
എസെക്കിയേൽ, എഥാനിയേൽ എന്നിങ്ങനെയാണ് ഇരട്ടക്കുട്ടികളുടെ പേര്. ഇരുവർക്കും നാല് വയസാണ്. പക്ഷേ, അവരാൽ കഴിയുന്ന വീട്ടുജോലികൾ ഇരുവരും ചെയ്യുന്നുണ്ട്. തുണിമടക്കൽ, ഉള്ളിത്തൊലി കളയൽ, കറിവേപ്പില ഇറുത്തെടുത്ത് കുപ്പിയിലാക്കൽ, പുസ്‌തകം അടുക്കി വയ്‌ക്കൽ തുടങ്ങിയ ജോലികൾ ഇരുവരും നല്ല ചിട്ടയോടെ ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇടയ്‌ക്ക് അമ്മയുടെ കാല് തിരുമ്മിക്കൊടുക്കുന്നുമുണ്ട്. ആൺകുട്ടിയായാലും പെൺകുട്ടിയായാലും ചെറിയ പ്രായത്തിൽതന്നെ അവരെ സ്വന്തം കാര്യങ്ങൾ ചെയ്യാനും മറ്റുള്ളവരെ സഹായിക്കാനും പരിശീലിപ്പിക്കണമെന്നാണ് കുട്ടികളുടെ അമ്മ വീഡിയോയിൽ പറയുന്നത്.
'നമ്മുടെ മക്കൾ പഠിച്ചുവലുതായി വലിയ ആൾക്കാരാകുമായിരിക്കും. കുറേ വർഷങ്ങൾ കഴിയുമ്പോൾ അവർ നമ്മളോട് തിരിച്ച് ചോദിക്കും. അമ്മയ്‌ക്കെന്താ ചെയ്യാൻ വയ്യായിരുന്നോ? അമ്മയോട് ആര് പറഞ്ഞു? അത് അവരുടെയും കുറ്റമല്ല. നമ്മൾ ചെയ്യുന്നതുകൊണ്ടാണ് അവർ അംഗീകരിക്കുന്നത്. നമുക്ക് തിരക്കുണ്ടെങ്കിൽ അവരും നമ്മളെ സഹായിക്കും. നമ്മൾ എല്ലാം ഒറ്റയ്‌ക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അവരത് ശീലമാക്കുന്നത്. അവരുടെ കുറ്റമല്ല അത്. ഉദാഹരണത്തിന് എന്റെ മകനോട് അമ്മയ്‌ക്ക് വയ്യ നീയിത് ചെയ്യാൻ പറഞ്ഞാൽ അവൻ ചെയ്യില്ലേ? എല്ലാവരുടെയും മക്കൾ ചെയ്യും. പക്ഷേ ചെറുതിലെതൊട്ട് കുഞ്ഞുങ്ങളെക്കൊണ്ട് ഒന്നും ചെയ്യിക്കാതെ മക്കളിരിക്കുന്നിടത്ത് ഭക്ഷണവും കൊടുത്ത് ഒരുപാട് ലാളിച്ച് നമ്മൾ തന്നെയാണ് അവരെ വഷളാക്കുന്നത്. ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേൽക്കാത്ത രീതിയിലേക്ക് കുട്ടികളെക്കൊണ്ടെത്തിക്കുന്നത് നമ്മൾ തന്നെയാണ്. ആൺകുട്ടിയാണെങ്കിലും പെൺകുട്ടികളാണെങ്കിലും ചെറുതിലേമുതൽക്ക് അവരെ പരിശീലിപ്പിച്ചാൽ ഉറപ്പായും അവർക്ക് നമ്മളെ മനസിലാക്കാൻ പറ്റും' - വീഡിയോയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |