
നഖങ്ങളുടെ ഭംഗി കൂട്ടാനും കൈകൾക്ക് ആകർഷകമായ ലുക്ക് നൽകാനുമാണ് നെയിൽ പോളിഷ് ഉപയോഗിക്കുന്നത്. ഫാഷൻ ലോകത്ത് ഇപ്പോഴത്തെ പുതിയ ട്രെൻഡ് കൂടിയാണ് നെയിൽ ആർട്ട്. സാധാരണ നെയിൽ പോളിഷുകൾക്ക് പുറമെ വളരെക്കാലം കേടുപാടുകൾ കൂടാതെ നിൽക്കുന്ന ജെൽ, മാറ്റ്, തിളക്കമുള്ള ഗ്ലിറ്റർ എന്നിവയും ഇപ്പോൾ ലഭ്യമാണ്. വസ്ത്രങ്ങൾക്ക് അനുയോജ്യമായ നിറങ്ങൾ വരെ നെയിൽ പോളിഷായി മാറി മാറി ഉപയോഗിക്കുന്നവരാണ് ഇന്ന് ഏറെയും.
എന്നാൽ ഭംഗിക്ക് പുറമെ നെയിൽപോളിഷിനും നെയിൽ പോളിഷ് റിമൂവറിനും നിരവധി ദോഷവശങ്ങളുമുണ്ട്. നല്ല ഗുണനിലവാരമുള്ള നെയിൽ പോളിഷുകൾ മാത്രം ഉപയോഗിക്കുന്നവർ ചുരുക്കമാണ്. ഇടയ്ക്കിടെ നെയിൽ പോളിഷ് മാറ്റുമ്പോൾ നഖങ്ങൾക്ക് ഇടവേള നൽകുന്നത് അവയുടെ സ്വാഭാവികമായ ആരോഗ്യവും തിളക്കവും നിലനിർത്താൻ സഹായിക്കും. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാത്തവരെ കാത്തിരിക്കുന്നത് വലിയ ആപത്താണ്.
പല നെയിൽ പോളിഷുകളിലും അടങ്ങിയിരിക്കുന്ന ടോലുയിൻ, ഫോർമാൽഡിഹൈഡ്, ഡിബ്യൂട്ടൈൽ ഫ്‌താലേറ്റ് എന്നീ രാസവസ്തുക്കൾ കാൻസർ സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഗുണനിലവാരം കുറഞ്ഞ നെയിൽ പോളിഷുകളുടെ ഉപയോഗം പാൻക്രിയാറ്റിക് കാൻസറിനുള്ള സാദ്ധ്യത വരെ വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ജെൽ നെയിൽ പോളിഷ് ഉണക്കാൻ ഉപയോഗിക്കുന്ന അൾട്രാവയലറ്റ് ലാമ്പുകൾ ചർമ്മത്തിന്റെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും സ്കിൻ കാൻസർ സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
പതിവായുള്ള നെയിൽ പോളിഷിന്റെ ഉപയോഗം നഖത്തിന് പലതരത്തിലുള്ള കേടുപാടുകൾ ഉണ്ടാക്കാൻ കാരണമാകും. നഖത്തിൽ ഈർപ്പം നിലനിൽക്കാൻ നെയിൽ പോളിഷ് ഇടയാക്കും. ഇത് അണുബാധയിലേക്ക് നയിക്കുകയും നഖത്തിന് നിറവ്യത്യാസം, നഖം പൊട്ടൽ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. മാത്രമല്ല ഇത് നഖങ്ങളെ ദുർബലമാക്കുകയും ചെയ്യും.
വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളിൽ നെയിൽ പോളിഷ് ഉപയോഗിക്കുന്നത് പല തരത്തിലുള്ള അസ്വസ്ഥതകൾക്ക് കാരണമായേക്കും. ഇതിന്റെ രൂക്ഷ ഗന്ധം ശ്വസിക്കുന്നത് ആസ്ത്മ, ശ്വാസകോശ സംബന്ധമായ തകരാറുകൾ എന്നിവയുടെ സാദ്ധ്യത വർധിപ്പിക്കും. ആസ്ത്മ പ്രശ്‌നങ്ങളുള്ള ആളുകളിൽ സങ്കീർണതയ്ക്കും ഇത് വഴിവയ്ക്കും.
കൂടാതെ നെയിൽ പോളിഷിലെ ഫ്‌താലേറ്റ് എന്ന രാസവസ്‌തു ഹോർമോൺ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും. ഇത് തൈറോയ്‌ഡ് പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും പ്രത്യുൽപാദനക്ഷമതയെ വരെ ബാധിക്കുകയും ചെയ്യും. ഫോർമാൽഡിഹൈഡ്, ടൊളുവിൻ തുടങ്ങിയ വിഷാംശങ്ങളില്ലാത്ത '12-ഫ്രീ' അല്ലെങ്കിൽ '21--ഫ്രീ' എന്ന് ലേബൽ ചെയ്ത ഓർഗാനിക് ബ്രാൻഡുകൾ തിരഞ്ഞെടുക്കുന്നത് ഒരു പരിധിവരെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |