തിരുവനന്തപുരം: കേരളത്തെക്കുറിച്ച് മതവിദ്വേഷം വളർത്തുന്ന ഉത്തരേന്ത്യൻ ഇൻഫ്ളൂവൻസറുടെ വീഡിയോയ്ക്ക് കമന്റ് ചെയ്തതിൽ വിശദീകരണവുമായി ബിജെപി നേതാവ് കൃഷ്ണകുമറിന്റെ മകൾ ദിയ കൃഷ്ണ. 'കാശി' എന്ന കഫേയിൽ മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾക്കൊപ്പം പാകിസ്ഥാൻ നേതാവായ ജിന്നയുടെ ചിത്രങ്ങളും ചുവരിലെ അലങ്കാരമായി വെച്ചിരിക്കുന്നത് ഒരു ഉത്തരേന്ത്യൻ വ്ലോഗറുടെ വീഡിയോയിലൂടെ കണ്ടപ്പോഴാണ് താൻ 'സാഡ് റിയാലിറ്റി' എന്ന കമന്റ് പങ്കുവച്ചതെന്ന് ദിയ പറയുന്നു.
ആ വീഡിയോ മുഴുവനായി കാണാതെ, ആദ്യ പകുതി മാത്രം കണ്ട് തിടുക്കപ്പെട്ട് കമന്റ് ചെയ്തത് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നും അതിൽ ക്ഷമ ചോദിക്കുന്നുവെന്നും ദിയ വ്യക്തമാക്കുന്നു. താൻ ഇട്ട കമന്റിനെ മാദ്ധ്യമങ്ങളും ചില കണ്ടന്റ് ക്രിയേറ്റർമാരും തെറ്റായി വ്യാഖ്യാനിക്കുകയും, താൻ മുസ്ലിം സമുദായത്തിനെതിരെ സംസാരിച്ചു എന്ന രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തെന്ന് ദിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
തനിക്ക് ഏതെങ്കിലും ഒരു മതത്തോടോ സമുദായത്തോടോ യാതൊരുവിധ വിദ്വേഷവുമില്ല. ഒരു ഹിന്ദു എന്ന നിലയിൽ സ്വന്തം മതത്തെ സ്നേഹിക്കുന്നുണ്ടെങ്കിലും, മറ്റ് എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ട്. സ്വന്തം കുടുംബത്തിലും അടുത്ത സുഹൃത്തുക്കളിലും മുസ്ലിം സമുദായത്തിൽപ്പെട്ടവരുണ്ട്. യാത്രകളിലും പൊതുസ്ഥലങ്ങളിലും തനിക്കൊപ്പം ഏറ്റവും കൂടുതൽ സെൽഫിയെടുക്കാനും സ്നേഹം പ്രകടിപ്പിക്കാനും എത്തുന്നത് മുസ്ലിം പെൺകുട്ടികളും സ്ത്രീകളുമാണ്.
കാര്യമറിയാതെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും സന്ദേശങ്ങളും തനിക്ക് ലഭിക്കുന്നുണ്ടെന്ന് താരം പറയുന്നു. ചാരിറ്റി പ്രവർത്തനങ്ങളോ നല്ല കാര്യങ്ങളോ വാർത്തയാക്കാത്ത മാദ്ധ്യമങ്ങൾ നെഗറ്റീവ് കാര്യങ്ങൾ മാത്രമാണ് ആഘോഷിക്കുന്നത്. തനിക്കെതിരെ വീഡിയോ ചെയ്യുന്നവർ കഫേയിൽ ജിന്നയുടെ ഫോട്ടോ വച്ചതിന് പിന്നിലെ കാരണം കൂടി വ്യക്തമാക്കണമെന്ന് ദിയ ആവശ്യപ്പെടുന്നു. മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വാർത്തകൾ കണ്ണടച്ച് വിശ്വസിക്കരുതെന്നും 'സാഡ് റിയാലിറ്റി' എന്ന കമന്റ് ജിന്നയുടെ ഫോട്ടോ വെച്ചതിന് മാത്രമായിരുന്നുവെന്നും ദിയ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |