
പാലക്കാട്/കൽപ്പറ്റ: കനത്തമഴ മുന്നറിയിപ്പുകളെ തുടർന്ന് വയനാട് ദുരന്ത സാദ്ധ്യതാ പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ് എന്നിവയ്ക്ക് ഇന്ന് വയനാട് കളക്ടർ വി. ചെൽസാസിനി പൂർണ നിരോധനം ഏർപ്പെടുത്തി. പാലക്കാട് മലയോര മേഖലകളായ നെല്ലിയാമ്പതി, അട്ടപ്പാടി എന്നിവിടങ്ങളിലേക്കാണ് നിയന്ത്രണം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും നാളെ റെഡ് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. നെല്ലിയാമ്പതി ചുരം വഴിയുള്ള യാത്രകൾക്കും അട്ടപ്പാടിയിലേക്കുള്ള യാത്രകൾക്കും ആവശ്യം ബോദ്ധ്യപ്പെടുന്ന പക്ഷം നിയന്ത്രണം ഏർപ്പെടുത്തും.
കടലാക്രമണത്തിന് സാദ്ധ്യത
തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ ഒക്ടോബർ 25 രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ട്.
മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം
വയനാട്ടിൽ ദുരന്ത സാദ്ധ്യത പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ആനക്കാംപൊയിൽ കള്ളാടി തുരങ്ക പാത നിർമ്മാണ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ നടപടി മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫീസറും സ്വീകരിക്കണമെന്ന് കളക്ടർ അറിയിച്ചു. ഇന്നലെ വയനാട്ടിൽ അതിശക്ത മഴയായിരുന്നു. കാലത്ത് 8.30 മുതൽ വൈകിട്ട് 5 മണിവരെ കൽപ്പറ്റയിൽ 52 എം.എം, വൈത്തിരിയിൽ 40 എം.എം, മേപ്പാടിയിൽ 54 എം.എം,പുത്തുമലയിൽ 38 എം.എം മഴ രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |