SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.50 AM IST

ഗുരുവായൂരിലും തിരിമറി: 107.92 കോടി നഷ്ടത്തിൽ ഇടപെട്ട് ഹൈക്കോടതി

guruvayur
ഗുരുവായൂർ ക്ഷേത്രം

ഓഡിറ്റിംഗ് ഡെ. ഡയറക്ടർ ഇന്ന് ഹാജരാകണം

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന് 18 വർഷത്തിനിടെ 107.92 കോടിയിലേറെ രൂപയുടെ അനധികൃത നഷ്ടമുണ്ടായെന്ന ഗുരുതരമായ കണ്ടെത്തലിൽ ശക്തമായ നടപടികളുമായി ഹൈക്കോടതി. കണക്കുകൾ ഓഡിറ്റിംഗിന് ലഭ്യമാക്കുന്നതിലെ വീഴ്ചകളിൽ വിശദീകരണം തേടിയ കോടതി, സർക്കാരിന്റെ ഓഡിറ്റ് വകുപ്പ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ഇന്നു രാവിലെ 10.15ന് നേരിട്ട് ഹാജരായി നിലവിലെ സാഹചര്യം വിശദീകരിക്കണമെന്നു നിർദ്ദേശിച്ചു. പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലും നേരിട്ടോ വെർച്വലായോ ഹാജരാകണം. 2023ൽ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ വിശദീകരിക്കണമെന്നും ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

ക്ഷേത്രത്തിലെ നടപടിക്രമങ്ങളിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കണം. സമഗ്ര ഡിജിറ്റൽ മാനേജ്‌മെന്റ് സംവിധാനം ഇല്ലാത്തതാണ് ഓഡിറ്റിംഗിനടക്കം തടസമായി മാറുന്നതെന്നും കോടതി വിലയിരുത്തി. 2002-03 മുതൽ 2019-20 വരെയുള്ള കാലയളവിൽ 107.92 കോടിയിലേറെ രൂപയുടെ കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന് ഓഡിറ്റ് വിഭാഗം 2023ൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

ധാരാളം നടവരവുള്ള ക്ഷേത്രത്തിൽ ശാസ്ത്രീയ മാനേജ്‌മെന്റ് സംവിധാനം അനിവാര്യമാണ്. ഇതിനെക്കുറിച്ച് പഠനം നടത്താൻ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്, അല്ലെങ്കിൽ സ്റ്റേറ്റ് ഇ-ഗവേണൻസ് മിഷൻ ടീം പോലുള്ള വിദഗ്ദ്ധ സ്ഥാപനങ്ങളുടെ സേവനം തേടാം. നിലവിലെ സോഫ്റ്റ്‌വെയർ ആധുനികവത്കരിക്കുന്നതടക്കം ദേവസ്വം പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കോടതി നിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാണെന്നും ഓഡിറ്റ് വിഭാഗവുമായി സഹകരിക്കുന്നുണ്ടെന്നും ദേവസ്വം വ്യക്തമാക്കി.

ഭൗതിക പരിശോധനയില്ലാതെ 43 വർഷം

ഗുരുവായൂർ ദേവസ്വത്തിന്റെ ചട്ടങ്ങൾ രൂപീകരിച്ച് 43 വർഷം പിന്നിട്ടിട്ടും വിലപിടിപ്പുള്ള സാധനങ്ങളുടെ ഭൗതിക പരിശോധന നടത്തിയിട്ടില്ല. സ്വർണം, വെള്ളി എന്നിവയ്ക്കു പുറമെ വഴിപാടായി ലഭിക്കുന്ന ലക്ഷങ്ങളുടെ വെങ്കല പാത്രങ്ങൾ, കാശ്മീർ കുങ്കുമപ്പൂവ് തുടങ്ങിവ ദേവസ്വം രജിസ്റ്ററുകളിൽ കൃത്യമായി രേഖപ്പെടുത്തുന്നില്ല. ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയില്ല. 2011-12 മുതൽ 2019-20 വരെ 54,59,46,564 രൂപയുടെ കാര്യത്തിൽ ഓഡിറ്റ് വിഭാഗം എതിർപ്പ് രേഖപ്പെടുത്തിയിരുന്നതായും പറയുന്നുണ്ട്.
ഓഡിറ്റിംഗിൽ കണ്ടെത്തിയ പോരായ്മകൾ ദേവസ്വം അധികൃതർ പരിഹരിച്ചിട്ടുണ്ടോ, ഓഡിറ്റ് വിഭാഗത്തിന് രേഖകളും വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ഇന്ന് അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

ദേവസ്വം വീഴ്ച
ഓഡിറ്റിംഗ് വിഭാഗത്തിന്റെ കണ്ടെത്തലുകളിൽ തുടർനടപടികൾ സ്വീകരിക്കുന്നതിൽ ദേവസ്വം വീഴ്ചവരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.വഴിപാട് പണം സ്വീകരിക്കാൻ ബാങ്കുകളുടെ സഹായത്തോടെ ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ദേവസ്വം ഏർപ്പെടുത്തിട്ടുണ്ടെങ്കിലും പോരായ്മകളേറെയാണെന്ന് ഓഡിറ്റിന്റെ ചുമതലയുള്ള സീനിയർ ഡെപ്യൂട്ടി ഡയറക്ടറുടെ സത്യവാങ്മൂലത്തിൽ പറയുന്നു. ഓഡിറ്റിംഗിനായി ഈ സംവിധാനങ്ങളുടെ പാസ്‌വേഡും യൂസർ ഐഡിയും കൈമാറിയിയ്യുമില്ല.

ഹൈക്കോടതിയുടെ പരാമർശം ദേവസ്വം ഗൗരവത്തിലെടുത്തിട്ടുണ്ട്. പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും
-എ.വി.ഗോപിനാഥ്,

ചെയർമാൻ, ഗുരുവായൂർ ദേവസ്വം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUVAYOOR TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA