
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം. സോളാർ എനർജി കോർപ്പറേഷൻ ഒഫ് ഇന്ത്യയിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് റഗുലേറ്ററി കമ്മിഷന്റെ അനുമതി. പകൽ 200 മെഗാവാട്ടും രാത്രിയിൽ നാലുമണിക്കൂർ 100 മെഗാവാട്ടും വൈദ്യുതി ബാറ്ററി എനർജി സ്റ്റോറേജിൽ (ബെസ്) നിന്ന് ലഭിക്കും.
പകലും രാത്രിയും യൂണിറ്റിനു 2.93 രൂപയാണ് നിരക്ക്. നിലവിലെ കരാർ പ്രകാരം 2028 ഏപ്രിൽ ഒന്നു മുതലാണ് വൈദ്യുതി ലഭിച്ചു തുടങ്ങുക. പീക്ക് സമയ വൈദ്യുതിക്ക് ശരാശരി 10 രൂപവരെ വിലയുള്ള സാഹചര്യത്തിലാണ് കുറഞ്ഞനിരക്കിൽ 100 മെഗാവാട്ട് വൈദ്യുതി 4 മണിക്കൂർ കേരളത്തിലേക്ക് എത്തുന്നത്.
2000 മെഗാവാട്ടിന്റെ ബെസ് പദ്ധതി സോളാർ എനർജി കോർപ്പറേഷൻ സജ്ജമാക്കുന്ന സാഹചര്യത്തിൽ കൂടുതൽ വൈദ്യുതി ലഭ്യമാകുമോയെന്ന് പരിശോധിക്കണമെന്ന് ഇതുസംബന്ധിച്ച ഉത്തരവിൽ കമ്മിഷൻ നിർദ്ദേശിച്ചു.
സോളാർ: ഗ്രിഡിലെ
വൈദ്യുതിക്ക്
നിരക്ക്കൂട്ടില്ല
തിരുവനന്തപുരം: സോളാർ ഉത്പാദകർ ഉപയോഗിച്ചശേഷം ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് കെ.എസ്.ഇ.ബി നൽകുന്ന നിരക്ക് വർദ്ധിപ്പിക്കില്ല. നിലവിൽ യൂണിറ്റിന് 3.26 രൂപയാണ് നിരക്ക്. ഇത് വർദ്ധിപ്പിക്കാനാവില്ലെന്ന് റഗുലേറ്ററി കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി. കെ.എസ്.ഇ.ബി നൽകിയ ട്രൂയിംഗ് അപ് പെറ്റീഷന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ 3.26 രൂപ നിശ്ചയിച്ചത്. ഇതിനെതിരെയായിരുന്നു സോളാർ ഉത്പാദകരുടെ പരാതി. യൂണിറ്റിന് 4.34 രൂപ നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ പകൽ വൈദ്യുതിക്ക് ശരാശരി യൂണിറ്റിന് 2.50 രൂപയുള്ളപ്പോഴാണ് സോളാർ ഉത്പാദകർക്ക് 3.26 രൂപ നൽകുന്നതെന്നാണ് കെ.എസ്.ഇ.ബി വാദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |