
തിരുവനന്തപുരം: അപ്രഖ്യാപിത പവർകട്ടിനും കടുത്ത വൈദ്യുതി നിയന്ത്രണത്തിനുമെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് സമരം നടത്തി. ഇന്നലെ വൈകിട്ട് 7 മണിക്ക് വീടുകളിലും മുൻകൂട്ടി നിശ്ചയിച്ച കേന്ദ്രങ്ങളിലുമാണ് പ്രതിഷേധം പ്രകടിപ്പിച്ചത്.
വൈദ്യുതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാത്ത അനാസ്ഥയ്ക്ക് എതിരെയാണ് കേരളത്തിലുടനീളം പ്രതീകാത്മകമായി സമരം നടത്തിയത്. എ.കെ.ജി സെന്ററിൽ മെഴുകുതിരി കത്തിച്ച് നടത്തിയ പ്രതിഷേധത്തിന് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ നേതൃത്വം നൽകി. വൈദ്യുതി വിളക്കുകളെല്ലാം അണച്ച ശേഷമായിരുന്നു പ്രതിഷേധം. സംസ്ഥാന സർക്കാർ വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണെന്ന് ജയരാജൻ പറഞ്ഞു. ആശുപത്രികളിൽ സർജറി നടത്താനോ വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാനോ കഴിയുന്നില്ല. ഇടതു സർക്കാരിന്റെ 10 വർഷക്കാലം ഒരു വൈദ്യുതി തടസവുമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന വ്യാപകമായി ലോക്കൽ കേന്ദ്രങ്ങളിലും പ്രവർത്തകരുടേയും അനുഭാവികളുടേയും വീടുകളിലും പ്രതിഷേധം സംഘടിപ്പിച്ചു. ചങ്ങനാശേരിയിൽ നടന്ന പ്രതിഷേധത്തിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |