വഴി തർക്കത്തെ തുടർന്നുള്ള പ്രതികാരം
4 പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം : വഴിത്തർക്കത്തെ തുടർന്ന്, നഗരമദ്ധ്യത്തിൽ പട്ടാപ്പകൽ യുവാവിനെ അയൽവാസിയടക്കം നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. ചമ്പക്കട തൈവിളാകത്ത് വീട്ടിൽ (ടി.സി 83/626 ൽ ) കുമാരി ഷൈലയുടെ മകൻ വിശാഖിനെയാണ് (40) അയൽവാസിയും ബന്ധുവുമായ പാൽക്കുളങ്ങര ടിസി 28-459ൽ പ്രദീപ്കുമാറും (39) മറ്റ് മൂന്നു പേരും ചേർന്ന് കൊലപ്പെടുത്തിയത്. പ്രദീപ്കുമാറിനെയും ഒപ്പമുണ്ടായിരുന്ന കരിക്കകം കടയിൽ വീട്ടിൽ മുകേഷ് എന്ന ശിവപ്രസാദ് (39), പേട്ട വൈ.എം.എ റോഡ് മണലിൽ വീട്ടിൽ ചിക്കു എന്ന റസിം (35) , പാച്ചല്ലൂർ തോപ്പടി ആറ്റരികത്ത് വീട്ടിൽ വിനീത് (40)എന്നിവരെയും അറസ്റ്റ് ചെയ്തു. കൃത്യത്തിനു ശേഷം കാറിൽ രക്ഷപ്പെട്ട പ്രതികളെ രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പാൽക്കുളങ്ങര കൈതമുക്കിന് സമീപം ചമ്പക്കട - നാലുമുക്ക് റോഡിലായിരുന്നു അരുംകൊല നടന്നത്.ഡ്രൈ ക്‌ളീനിംഗ് തൊഴിൽ ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട വിശാഖ്. ഇന്നലെ ഉച്ചയോടെ ഭക്ഷണം കഴിക്കാനായി, സ്‌കൂട്ടറിൽ വിശാഖെത്തിയതിന് പിറകെ അക്രമി സംഘം ഓൾട്ടോ കാറിൽ പിന്തുടർന്നെത്തുകയായിരുന്നു. റോഡരികിൽ സ്‌കൂട്ടർ ഒതുക്കി വച്ചശേഷം വിശാഖ് വീട്ടിലേക്ക് കയറുന്നതിനിടെ, പ്രതികൾ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. കൈയ്ക്കും കാലിനും വയറിനുമാണ് വെട്ടേറ്റത്.രക്തത്തിൽ കുളിച്ചുകിടന്ന വിശാഖിനെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സമീപവാസികൾ ഓടിക്കൂടുന്നതിനിടെ പ്രതികൾ കാറിൽ രക്ഷപ്പെട്ടു. കാർ പുലയനാർ കോട്ടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. വർഷങ്ങൾ നീണ്ട വഴി, അതിർത്തി തർക്കമാണ് സംഘർഷത്തിന് കാരണം.പ്രദീപിന്റെ വീട്ടിലേക്ക് വിശാഖിന്റെ വീടിന് മുന്നിലൂടെ വഴി നൽകണമെന്ന ആവശ്യമാണ് വഴക്കിന് കാരണം. കഴിഞ്ഞ ഡിസംബറിൽ വഴക്കിനിടെ വിശാഖ് പ്രദീപിനെ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. കേസിൽ വിശാഖ് റിമാൻഡിലാണ്. രണ്ടു ദിവസം മുൻപ് വിശാഖ് പ്രദീപിന്റെ ജേഷ്ഠന്റെ കാറിന്റെ ടയർ കുത്തിക്കീറിയതായി പരാതിയുണ്ട്. കൊല്ലപ്പെട്ട വിശാഖിന് ചെറിയ രീതിയിലുള്ള മാനസിക പ്രശ്‌നങ്ങളുള്ളതായി നാട്ടുകാർ പറയുന്നു. വിശാഖിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. വിജയലക്ഷ്മി സഹോദരിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |