SignIn
Kerala Kaumudi Online
Sunday, 20 September 2026 10.16 PM IST

കോട്ടയത്ത് കനത്ത മഴ; തീക്കോയിൽ മണ്ണിടിച്ചിലിൽ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം

READ ENGLISH VERSION
kottayam-landslide
മഴയും മണ്ണിടിച്ചിലും

കോട്ടയം: കനത്ത മഴയ്ക്കിടെ തീക്കോയിൽ മണ്ണിടിച്ചിലിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം. വേലത്തുശ്ശേരിയിലുണ്ടായ അപകടത്തിൽ തേനി സ്വദേശി സംഗീത അരുൾലാൽ ആണ് മരിച്ചത്. മഴ ശക്തമായതിനെ തുടർന്ന് മലയോര മേഖലകളിൽ അപകടസാധ്യത ഉയരുന്നതിനിടെയാണ് ദുരന്തം.

കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിൽ ഇന്നലെ ഉച്ചമുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വാഗമൺ മേഖലയിലെ കുസാറ്റിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ ഉച്ചയ്ക്ക് മൂന്നിനും അഞ്ചിനുമിടയിൽ 157 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മഴയെ തുടർന്ന് ഈരാറ്റുപേട്ട–വാഗമൺ റോഡിലും മണ്ണിടിച്ചിലുണ്ടായി. കാരികാട് ടോപ്പിന് സമീപം റോഡിലേക്ക് മണ്ണ് ഇടിഞ്ഞുവീണതോടെ രണ്ട് കാറുകൾക്ക് സമീപത്തേക്ക് മണ്ണെത്തി. വാഹനങ്ങളിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടില്ല. മണ്ണിടിച്ചിലിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. രാത്രി ഏഴോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

വെള്ളിക്കുളം, തീക്കോയ് പ്രദേശങ്ങളിലും മഴ ശക്തമായി തുടരുകയാണ്. മലയോര മേഖലകളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇതോടെ തീക്കോയ്, ഈരാറ്റുപേട്ട, പാലാ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്.

അതേസമയം, മലപ്പുറം ടി.കെ. കോളനിയിൽ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ നാലുപേർ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, വയനാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ട്.

English Summary

Heavy rains caused a fatal landslide in Teekoy, Kottayam, killing two bike riders. Separately, one person died in a flash flood in Malappuram, with three others missing. Idukki and Kottayam are under an Orange Alert, while several other districts face Yellow Alerts as isolated heavy rainfall continues across Kerala due to a Bay of Bengal depression.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAINALERT, LANDSLIDE, KOTTAYAM, TWO DIED, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA