കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകടയുടമ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജഡ്ജി അന്വേഷണവുമായി സഹകരിക്കുന്ന സാഹചര്യത്തിൽ അറസ്റ്റിന്റെ ആവശ്യമില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പൊതുബോധത്തിന് കീഴപ്പെടാനാവില്ലെന്ന് പറഞ്ഞ കോടതി കേസിൽ തുടർന്നുള്ള ഉത്തരവ് ഉണ്ടാകുന്നത് വരെ ജഡ്ജിയെ അറസ്റ്റുചെയ്യാൻ പാടില്ലെന്നും അന്വേഷണസംഘത്തിന് നിർദേശം നൽകി. ഹർജിക്കാരൻ ഒരു ജുഡീഷ്യൽ ഓഫീസറാണെന്നും അദ്ദേഹം അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ സാദ്ധ്യതയില്ലെന്നും കോടതി വിലയിരുത്തി.
അപകടമുണ്ടാക്കിയ വാഹനം ഇതിനകം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിലെ സെക്ഷൻ 199 എ പ്രകാരം പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ അതിന്റെ ഉത്തരവാദിത്തം വാഹന ഉടമയ്ക്കോ രക്ഷാകർത്താവിനോ ആയിരിക്കും. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഇത്തരം സാഹചര്യത്തിൽ എന്തിനാണ് അറസ്റ്റുചെയ്യുന്നതെന്നും കോടതി ചോദിച്ചു.
കേസിൽ പൊതുവികാരത്തിന് കീഴ്പ്പെടാനാകില്ലെന്നും നിയമപ്രകാരം മാത്രമെ മുന്നോട്ടുപോകാൻ സാധിക്കൂവെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. അപകടം നടന്ന് 30 മിനിറ്റിനുള്ളിൽ ജഡ്ജി സ്ഥലത്തെത്തി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ വാദം കോടതി തള്ളി. ജഡ്ജി അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.
The Kerala High Court stayed the arrest of an Additional District Judge in the Cheranalloor Benz accident case but directed him to appear before the investigating team, stating that it could not be swayed by public sentiment.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |