
ചെറുതോണി: പാംബ്ല അണക്കെട്ടിന് സമീപം വനമേഖലയിൽ 18കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി നിഷാന്തിന്റെ സഹോദരൻ നിഖിലിനെ (18) ശാന്തമ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയത്തിലായിരുന്ന ഇരുവരും വിവാഹത്തെ ചൊല്ലി ഉണ്ടായ തർക്കമാണ് അരുംകൊലയിലെത്തിച്ചത്. തമിഴ്നാട്ടിൽ നിന്ന് പൂപ്പാറയിലെത്തിയ നിത്യയെ നിഷാന്ത് ബൈക്കിൽ അരമനപ്പാറയിലെ ഏലത്തോട്ടത്തിലെത്തിച്ച് കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തി കത്തിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മരണം ഉറപ്പാക്കാനും മൃതദേഹം തിരിച്ചറിയുന്നത് തടയാനുമായി പെൺകുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം നിഷാന്ത് സഹോദരൻ നിഖിലിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഓട്ടോറിക്ഷയുമായെത്തിയ നിഖിലിനോട് കൊലപാതക വിവരം വെളിപ്പെടുത്തിയശേഷം മൃതദേഹം മാറ്റാൻ സഹായം തേടി.
തുടർന്ന് മൃതദേഹം ഓട്ടോയിൽ കയറ്റി ചതുപ്പിലോ വെള്ളക്കെട്ടിലോ ഉപേക്ഷിക്കാനായിരുന്നു ഇരുവരുടെയും ആദ്യ ആലോചന. എന്നാൽ ഈ നീക്കം വിജയിക്കാതെ വന്നതോടെ പാംബ്ലയിലെ വനമേഖലയിലെത്തിച്ച് മൃതദേഹം കത്തിക്കാൻ തീരുമാനിച്ചു. ഇതിനായി തോട്ടാപ്പുരയിൽ നിന്ന് പെട്രോൾ വാങ്ങി വനമേഖലയിലെത്തിക്കുകയും മൃതദേഹത്തിൽ പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. കൊലപാതകവും മൃതദേഹം കത്തിച്ചതും ഒറ്റയ്ക്കാണ് ചെയ്തതെന്നായിരുന്നു ഒന്നാം പ്രതി നിഷാന്ത് പൊലീസിന് നൽകിയ മൊഴി. എന്നാൽ സംഭവത്തിലെ സാഹചര്യങ്ങളും ലഭിച്ച തെളിവുകളും പരിശോധിച്ച അന്വേഷണസംഘത്തിന് ഈ മൊഴിയിൽ സംശയം തോന്നി. തുടർന്നുള്ള അന്വേഷണത്തിലാണ് സഹോദരന്റെ പങ്ക് കണ്ടെത്തിയത്.
പാംബ്ല ഡാമിന് സമീപം ഇലക്ട്രിസിറ്റി ബോർഡ് ക്വാർട്ടേഴ്സിനും ചെക്ക്പോസ്റ്റിനും പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നിത്യയെ കാണാതായതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ നൽകിയ വിവരങ്ങളും നഖത്തിലെ അടയാളങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും പരിശോധിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കേസിൽ ഒന്നാം പ്രതിയായ നിഷാന്തിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ തുടർ അന്വേഷണത്തിനിടെയാണ് ഇപ്പോൾ സഹോദരനായ നിഖിൽ സതീഷും അറസ്റ്റിലായിരിക്കുന്നത്. കരിമണൽ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നതെങ്കിലും കൊലപാതകം നടന്നത് പൂപ്പാറയായതിനാൽ കേസ് തിങ്കളാഴ്ച ശാന്തമ്പാറ പൊലീസിന് കൈമാറിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |