
ആലുവ: 14.67 കിലോ കഞ്ചാവുമായി അദ്ധ്യാപകനും ബാർബറും എക്സൈസിന്റെ പിടിയിലായി. ഒഡിഷ സ്വദേശിയായ ഇംഗ്ളീഷ് അദ്ധ്യാപകൻ ഇസ്മയിൽ സിന്ദൂർ (42), കളമശേരിയിൽ ബാർബർ ഷോപ്പ് നടത്തുന്ന ഉത്തർപ്രദേശ് സ്വദേശി ജാഫർ ചോട്ടെ (26) എന്നിവരെയാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സിജോ വർഗീസും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
ആലുവ പഴയ ബസ് സ്റ്റാൻഡിന് സമീപത്തു നിന്നാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ് വിറ്റുകിട്ടിയ 28850 രൂപയും പ്രതികളിൽ നിന്ന് കണ്ടെടുത്തു. ബി.എഡ് ബിരുദമുള്ള ഇസ്മയിൽ ഒഡിഷയിലെ വിവിധ സ്കൂളുകളിൽ ഇംഗ്ലീഷ് അദ്ധ്യാപകനാണ്. ഇയാൾ എക്സൈസിനോട് ഇംഗ്ളീഷിൽ നന്നായി സംസാരിച്ചതിനെ തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അദ്ധ്യാപകനാണെന്ന് വ്യക്തമായത്. സൗത്ത് കളമശേരി ഭാഗത്ത് ബാർബർ ഷോപ്പ് നടത്തുന്ന ജാഫറിന് കഞ്ചാവ് കഞ്ചവടം ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
ഇരുവരും ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് നേരിട്ട് എത്തിക്കുന്ന സംഘത്തിൽപ്പെട്ടവരാണ്.
അസി. എക്സൈസ് ഇൻസ്‌പെക്ടർ എൻ.ജി. അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർരായ സി.വി. ജോമോൻ, ഫെബിൻ എൽദോസ്, ജിജോ അശോക്, അഭിരാം ഷാജി, അഖിൽ രാജ്, വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ ടി.പി. സജിത എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആലുവ കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |