SignIn
Kerala Kaumudi Online
Monday, 21 September 2026 11.48 PM IST

'ഇംഗ്ലണ്ടിൽ കപ്പലണ്ടി വിൽക്കാനാണോ പോയത്?' ബാബർ അസമിനെ പരിഹസിച്ച് മുൻ പാക് ഇതിഹാസ താരം

-babar-azam
ബാബർ അസം

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ടീമിൽ നടന്ന മാറ്റങ്ങളെക്കുറിച്ച് ഒന്നുമറിഞ്ഞില്ലെന്ന് പറഞ്ഞ പാകിസ്ഥാൻ ക്യാപ്ടൻ ബാബർ അസമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് താരം വസീം അക്രം. ക്യാപ്ടന് ടീമിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലെങ്കിൽ അദ്ദേഹം എന്തിനാണ് പിന്നെ അവിടെ തുടർന്നത്? കപ്പലണ്ടി വിൽക്കാനാണോ എന്ന് വസീം അക്രം പരിഹസിച്ചു. മാഞ്ചസ്റ്ററിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഷാൻ മസൂദിൽ നിന്ന് ബാബർ അസം വീണ്ടും നായക സ്ഥാനം ഏറ്റെടുക്കാൻ പാടില്ലായിരുന്നുവെന്നും വസീം അക്രം അഭിപ്രായപ്പെട്ടു. 'ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, എന്റെ നിഗമനം തെറ്റാകാം. എന്നാൽ ബാബർ നായക സ്ഥാനം ഏറ്റെടുക്കരുതായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. ഇതെല്ലാം അനാവശ്യമായിരുന്നു' അക്രം പറഞ്ഞു. ബർമിങ്ഹാമിൽ നടന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി ടീമിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, തനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു ബാബറിന്റെ മറുപടി. ഇതേത്തുടർന്നാണ് അക്രം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

wasim-akram-
പാക് ഇതിഹാസ താരം വസീം അക്രം.

'ബാബർ അസം പറഞ്ഞത് തനിക്കൊന്നും അറിയില്ലെന്നാണ്. നിങ്ങൾക്ക് കാര്യങ്ങളൊന്നും അറിയില്ലെങ്കിൽ പിന്നെ നിങ്ങൾ അവിടെയെന്ത് ചെയ്യുകയായിരുന്നു?കപ്പലണ്ടി വിൽക്കാനായിരുന്നോ അവിടെ പോയത്?' അക്രം ചോദിച്ചു. ഒരു കളിക്കാരനെന്ന നിലയിലോ വ്യക്തിയെന്ന നിലയിലോ നിങ്ങളുടെ ക്യാപ്ടൻ നിങ്ങളുടെ ഒപ്പം നിൽക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും 100 ശതമാനം പ്രകടനം പുറത്തെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ടെസ്റ്റിന് ശേഷം ബാബർ നായക സ്ഥാനം ഒഴിഞ്ഞിട്ട് ഒരു സാധാരണ കളിക്കാരനായി അവസാന മത്സരത്തിൽ ഇറങ്ങുകയായിരുന്നു വേണ്ടതെന്ന നിർദ്ദേശവും അക്രം മുന്നോട്ടുവച്ചു.

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര പാകിസ്ഥാന് ദുരന്തസമാനമായ തോൽവിയാണ് സമ്മാനിച്ചത്. ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ പാക് ക്രിക്കറ്റ് ബോർഡ് (പി.സി.ബി) അവസാന ടെസ്റ്റിനായി വലിയ അഴിച്ചുപണികൾ നടത്തിയിരുന്നു. ഹെഡ് കോച്ചായി സർഫറാസ് അഹമ്മദ്, ബൗളിംഗ് കോച്ച് ഉമർ ഗുൽ എന്നിവരെയും മുഹമ്മദ് റിസ്‌വാൻ, ഇമാം ഉൾ ഹഖ് ഉൾപ്പെടെ ഏഴ് സീനിയർ താരങ്ങളെയും ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ പരമ്പരയിലുടനീളം മോശം ഫോമിലായിരുന്ന ബാബർ എഡ്ജ്ബാസ്റ്റണിൽ നടന്ന അവസാന ഇന്നിംഗ്‌സിൽ 76 റൺസ് നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞിരുന്നില്ല.


ബർമിങ്ഹാമിൽ നടന്ന അവസാന ടെസ്റ്റിൽ സ്ലോ ഓവർ റേറ്റിലായതിനെത്തുടർന്ന് പാകിസ്ഥാന് വലിയ തിരിച്ചടിയാണ് നേരിട്ടത്. നിശ്ചിത സമയത്തിനകം 11 ഓവറുകൾ കൂടി എറിയാൻ ബാക്കിയുണ്ടായിരുന്നതിനാൽ മാച്ച് ഫീയുടെ 50 ശതമാനം പിഴയൊടുക്കേണ്ടി വന്നു. ഒപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ നിന്ന് 11 പോയിന്റുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതോടെ ലോക ടെസ്റ്റ് പട്ടികയിൽ പാകിസ്ഥാൻ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

English Summary

Former Pakistan cricket captain Wasim Akram launched a scathing attack on current skipper Babar Azam, questioning his role and sarcastic remarking if he was there to "sell chickpeas" after Babar claimed he was unaware of major squad changes during the England Test series.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WASIM AKRAM, BABAR AZAM, ENGLAND TEST SERIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360