SignIn
Kerala Kaumudi Online
Sunday, 20 September 2026 8.49 PM IST

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി-20യിൽ ചരിത്രനേട്ടവുമായി സ്‌മൃതി മന്ദാന;​ റൺവേട്ടയിൽ ഒന്നാമത്

smrithi-mandana-
ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിലെ സെമിഫൈനലിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന. ബംഗ്ലാദേശിനെതിരായ രണ്ടാം സെമിഫൈനലിനിടെ വനിതാ ട്വന്റി-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺ നേടിയ താരമെന്ന റെക്കാഡാണ് സമൃതി സ്വന്തമാക്കിയത്. ന്യൂസിലൻഡിന്റെ സൂസി ബേറ്റ്സിനെ മറികടന്നായിരുന്നു സ്‌മൃതിയുടെ നേട്ടം.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് സ്‌മൃതിയും ഷഫാലി വർമ്മയും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. പവർപ്ലേയിൽ ഇന്ത്യ 71 റൺസ് നേടി. 19 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും അടക്കം 37 റൺസെടുത്ത സ്‌മൃതിയുടെ ഇന്നിംഗ്‌സ് പവർപ്ലേയുടെ അവസാന ഓവറിൽ അവസാനിച്ചു. നഹിദ അക്തറിന്റെ പന്തിൽ മിഡ് വിക്കറ്റിൽ സൊഭാന മൊസ്താരി ക്യാച്ചെടുത്ത് താരത്തെ പുറത്താക്കുകയായിരുന്നു.

എന്നാൽ കൂടാരം കയറുന്നതിന് മുമ്പുതന്നെ സ്‌മൃതി റെക്കാഡ് മറികടന്നിരുന്നു. വനിതാ ട്വന്റി-20യിൽ 4,788 റൺസുമായി സ്‌മൃതി ഒന്നാമതെത്തി. സൂസി ബേറ്റ്സ് 4,758 റൺസുമായി രണ്ടാം സ്ഥാനത്താണ്. ഇന്ത്യയുടെ ഹർമൻപ്രീത് കൗർ (4,287), ശ്രീലങ്കയുടെ ചമാരി അത്തപത്തു (4,282), ന്യൂസിലൻഡിന്റെ സോഫി ഡിവൈൻ (3,817) എന്നിവരാണ് തൊട്ടുപിന്നിൽ.

അതേസമയം വനിതാ ട്വന്റി-20യിൽ 100 സിക്സുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവും സ‌മൃതി മത്സരത്തിനിടെ സ്വന്തമാക്കി. കൂടാതെ വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയ താരമെന്ന റെക്കാഡും നിലവിൽ സ്‌മൃതിയുടെ പേരിലാണ്. സ്‌മൃതിക്ക് പിന്നാലെ ഷഫാലിയും ബംഗ്ലാദേശ് ബൗളർമാർക്കെതിരെ മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യ ആറ് ഓവറിൽ 71 റൺസിലെത്തിയ ഇന്ത്യയ്ക്ക് ഇരുവരും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. സ്വർണമെഡൽ ലക്ഷ്യമിട്ടാണ് ഇന്ത്യ സെമിഫൈനലിൽ ഇറങ്ങിയത്.

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവൺ

ഇന്ത്യ: സ്മൃതി മന്ദാന, ഷഫാലി വർമ്മ, ഗുണാലൻ കമലിനി, ഹർമൻപ്രീത് കൗർ (ക്യാപ്‌ടൻ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ഭാരതി ഫുൽമാലി, ദീപ്തി ശർമ, ശ്രേയങ്ക പാട്ടീൽ, ശ്രീ ചരാണി, നന്ദിനി ശർമ, ക്രാന്തി ഗൗഡ്

English Summary

Indian opener Smriti Mandhana achieved significant milestones in the Women's Asia Games cricket semi-final against Bangladesh. She became the highest run-scorer in Women's T20 Internationals, surpassing New Zealand's Suzie Bates. Mandhana also became the first Indian woman to hit 100 T20I sixes, contributing a quick 37 runs for India.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMRITHI MANDANA, LATESTNEWS, SPORTS, ASIAN GAMES, ASIAN GAMES 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360