SignIn
Kerala Kaumudi Online
Friday, 28 August 2026 6.05 AM IST

ധീരം ദിനുഷ!

s

ഫോളോൺ ചെയ്തിട്ടും രണ്ടാം ടെസ്റ്റ് സമനിലയാക്കി ശ്രീലങ്ക സോനൽ ദിനുഷയ്ക്ക് രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറി പരമ്പര ഇന്ത്യയ്ക്ക് (1-0) ദേവ്‌ദത്ത് പടിക്കൽ കളിയിലെ താരം

കൊളംബോ: കൂറ്രൻ ലീഡ് വഴങ്ങി ഫോളോൺ ചെയ്യാനിറങ്ങിയ ശ്രീലങ്ക സോനൽ ദിനുഷയുടെ നേതൃത്വത്തിൽ നടത്തിയ സമർത്ഥമായ ചെറുത്ത് നിൽപ്പിലൂടെ രണ്ടാം ടെസ്റ്രിൽ ഇന്ത്യയ്ക്ക് എതിരെ വിജയത്തിന് തുല്യമായ സമനില സ്വന്തമാക്കി. അവസാന ദിനം ശ്രീലങ്ക 429/9 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്‌തതിന് പിന്നാലെ ഇരുടീമും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ആദ്യമത്സരത്തിൽ ജയിച്ച ഇന്ത്യ പരമ്പര 1-0ത്തിന് സ്വന്തമാക്കി. അതേസമയം രണ്ടാം ടെസ്റ്റിൽ കൈയിൽ കിട്ടിയ ജയം വിട്ടുകളഞ്ഞത് ഇന്ത്യയുടെ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾക്ക് മേൽ കരിനിഴലായി. രണ്ടിന്നിംഗ്സിലും സെ‌ഞ്ച്വറി നേടിയ ദിനുഷയാണ് കളിയിലെ താരം. ഇന്ത്യയുടെ മറുനാടൻ മലയാളി താരം ദേവ്‌ദത്ത് പടിക്കലാണ് പരമ്പരയിലെ താരം.

സ്കോർ: ഇന്ത്യ 503/9 ഡിക്ലയേർഡ്, ശ്രീലങ്ക 290/10, 409/9 ഡിക്ലയേർഡ്.

അഞ്ചാം ദിനം

അതിജീവനം

229/6 എന്ന നിലയിൽ അവസാനദിനമായ ഇന്നലെ ഫോളോൺ പുനരാരംഭിച്ച ശ്രീലങ്ക വമ്പൻ ചെറുത്ത് നിൽപ്പാണ് നടത്തിയത്. 7 റൺസുമായി ബാറ്രിംഗ് തുടങ്ങിയ സോണൽ ദിനുഷയും ( പുറത്താകാതെ 264 പന്തിൽ 133 റൺസ്)​,​ മൂന്ന് റൺസുമായി തുടങ്ങിയ കേശാര നുവാന്തയും (150 പന്തിൽ 46)​ നിലയുറപ്പിച്ചതോടെ വിക്കറ്ര് നേടാനാകാതെ ഇന്ത്യൻ ബൗളർമാർ കുഴങ്ങി. ലഞ്ചിന് പിരിയുമ്പോൾ 329/6 എന്ന നിലയിലായിരുന്നു ലങ്ക. ലഞ്ചിന് ശേഷം നുവാന്തയെ പുറത്താക്കി മാനവ് സുതറാണ് കൂട്ടുകെട്ട് പൊളിച്ചത്. ദിനുഷയും നുവാന്തയും 246 പന്തിൽ 112 റൺസിന്രെ കൂട്ടുകെട്ടുണ്ടാക്കി. പ്രബാത് ജയസൂര്യയേയും (12)​,​ ലഹിരു കുമാരയേയും (2) രവീന്ദ്ര ജഡേജ മടക്കിയെങ്കിലും ലാസ്റ്റ് മാൻ അസിത ഫെർണാണ്ടോയെ കൂട്ടുപിടിച്ച് ദിനുഷ ധീരമായി ചെരുത്ത് നിൽപ്പ് തുടർന്നു. ആദ്യ ഇന്നിംഗ്‌സിലെപ്പോലെ രണ്ടാം ഇന്നിംഗ്സിലും സെ‌ഞ്ച്വറി കുറിച്ച ദിനുഷയുടെ ഇന്നിംഗ്സിൽ 8 ഫോറും 2 സിക്സും ഉൾപ്പെടുന്നു. റൺസൊന്നും നേടിയില്ലെങ്കിലും അസിത 24 ബോളുകൾ വിജയകരമായി നേരിട്ടു.

28- തവണ 'ഫോളോഓൺ' ചെയ്തിട്ടുണ്ട് ശ്രീലങ്ക, ഇന്ത്യയ്‌ക്കെതിരായ കൊളംബോ ടെസ്റ്റ് ഉൾപ്പെടെ നാല് തവണ ശ്രീലങ്ക ആ ടെസ്റ്റ് മത്സരം സമനിലയിലാക്കിയിട്ടുണ്ട്. ഇതിനുമുമ്പ് 2010-ൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു അത്തരമൊരു നേട്ടം കൈവരിച്ചത്; അതിനുശേഷം ഫോളോൺ ചെയ്യേണ്ടി വന്ന പത്ത് അവസരങ്ങളിലും അവർ പരാജയപ്പെടുകയാണുണ്ടായത്.

216- ഫോളോൺ' ചെയ്യുമ്പോൾ ശ്രീലങ്കയുടെ രണ്ടാമത്തെ ഇന്നിംഗ്സിലെ അവരുടെ ഏറ്റവും ഉയർന്ന ലീഡാണ്ഈ മത്സരത്തിലേത്.

211- റൺസാണ്ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ ആറാം വിക്കറ്റ് വീണതിനുശേഷം കൂട്ടിച്ചേർത്തത്.

 1462 -പന്തുകളാണ് കൊളംബോ ടെസ്റ്റിൽ ശ്രീലങ്ക നേരിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360