SignIn
Kerala Kaumudi Online
Tuesday, 25 August 2026 11.12 PM IST

കൊള്ളാമല്ലോ, ഈ കൊല്ലം !

kcl

ആലപ്പി റിപ്പിൾസിനെ ചേസ് ചെയ്ത് വീഴ്ത്തി കൊല്ലം സെയ്‌ലേഴ്സ്

മുഹമ്മദ് അസറുദ്ദീന്റെ സീസണിലെ ആദ്യ സെഞ്ച്വറി പാഴായി

കൊല്ലത്തിന് ജയമൊരുക്കി വത്സൽ ഗോവിന്ദ് (93) അഭിഷേകും (52)

ആലപ്പി റിപ്പിൾസ് 186/3

കൊല്ലം സെയ്‌ലേഴ്സ് 187/4(17.4 ഓവർ)

തിരുവനന്തപുരം : സീസണിലെ ആദ്യ സെഞ്ച്വറിയുമായി അസറുദ്ദീൻ(100 നോട്ടൗട്ട്) തകർത്താടിയപ്പോൾ വിജയം സുനിശ്ചിതമെന്ന് കരുതിയ ആലപ്പി റിപ്പിൾസിനെ ചേസ് ചെയ്ത് വീഴ്ത്തി ആദ്യ സീസൺ ചാമ്പ്യൻസായ കൊല്ലം സെയ്‌ലേഴ്സ്. ആദ്യം ബാറ്റുചെയ്ത റിപ്പിൾസ് നിശ്ചിത 20 ഓവറിൽ 186/3 എന്ന സ്കോർ ഉയർത്തിയപ്പോൾ സെയ്‌ലേഴ്സിന് ജയിക്കാൻ 17.4 ഓവർ മാത്രമേ വേണ്ടിവന്നുള്ളൂ. നാലുവിക്കറ്റുകളാണ് നഷ്ടമായത്.

നേരത്തേ ജലജ് സക്സേനയെ നാലാം ഓവറിൽ നഷ്ടമായതിന് ശേഷം അസറുദ്ദീനും നായകൻ സച്ചിൻ ബേബിയും (40) കൂട്ടിച്ചേർത്ത 101 റൺസാണ് ആലപ്പിയുടെ ഇന്നിംഗ്സിന് കരുത്തായത്.34 പന്തുകളിൽ നാലുഫോറും ഒരു സിക്സും പറത്തിയ സച്ചിൻ ബേബി 15-ാം ഓവറിൽ പുറത്തായശേഷം ഗിരീഷ് (14), അക്ഷയ് (17) എന്നിവരെ കൂട്ടുനിറുത്തിയാണ് അസറുദ്ദീൻ സെഞ്ച്വറിയിലെത്തിയത്. 51 പന്തുകൾ നേരിട്ട അസറുദ്ദീൻ ആറ് ഫോറുകളും ഏഴ് സിക്സുകളുമാണ് പായിച്ചത്.

അഖിൽ കെ.ജി. എറിഞ്ഞ ഏഴാം ഓവറിലാണ് അസറുദ്ദീൻ ആക്രമണത്തിന് തുടക്കമിട്ടത്. ഒരു സിക്സും രണ്ട് ഫോറുമടക്കം 15 റൺസ് ആ ഓവറിൽ നേടി. തുടർന്ന് മോനു കൃഷ്ണ എറിഞ്ഞ പതിമൂന്നാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറുമടക്കം 18 റൺസ് അടിച്ചെടുത്ത് താരം അർദ്ധ സെഞ്ചുറി തികച്ചു. മുഹമ്മദ് ഇഷാഖ് എറിഞ്ഞ പതിനഞ്ചാം ഓവറിൽ രണ്ട് സിക്സറുകളോടെ 17 റൺസും, എം.ഡി. നിധീഷ് എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സും ഒരു ഫോറും ഉൾപ്പെടെ 18 റൺസും അസറുദ്ദീൻ വാരിക്കൂട്ടി.

നേരത്തെ ട്രിവാൻഡ്രം റോയൽസ്, തൃശൂർ ടൈറ്റൻസ് എന്നീ ടീമുകൾക്കെതിരെയും അസറുദ്ദീൻ അർദ്ധ സെഞ്ചുറികൾ നേടിയിരുന്നു. ഈ തകർപ്പൻ സെഞ്ചുറിയോടെ നാല് മത്സരങ്ങളിൽ നിന്നും 253 റൺസോടെ ബാറ്റർമാരുടെ പട്ടികയിൽ ഒന്നാമതെത്തി. അസറുദ്ദീൻ തകർപ്പൻ ഫോമിൽ തുടരുമ്പോൾ ആദ്യ കിരീടമെന്ന ആലപ്പിയുടെ പ്രതീക്ഷകൾക്ക് തിളക്കമേറുകയാണ്.

മറുടിക്കിറങ്ങിയ കൊല്ലത്തിന് ആദ്യ ഓവറിൽതന്നെ അരുൺ പൗലോസിനെ(0) നഷ്ടമായി. എന്നാൽ വത്സലും അഭിഷേകുംകൂട്ടിച്ചേർത്ത 96 റൺസ് കരുത്തായി. ടീമിനെ 174ലെത്തിച്ചശേഷമാണ് വത്സൽ മടങ്ങിയത്. 53 പന്തുകൾ നേരിട്ട കൊല്ലം നായകൻ 11 ഫോറുകളും മൂന്ന് സിക്സുകളും പായിച്ചു. അജിനാസും (5),അർജുൻ വേണുഗോപാലും (14*) ചേർന്നാണ് വിജയത്തിലെത്തിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360