ന്യൂഡൽഹി: 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് രാജ്യത്തെ 5 മുതൽ 15 വയസുവരെയുള്ള കുട്ടികളിൽ ദേശീയതലത്തിൽ ടാലന്റ് ഹണ്ട് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഓരോ കായിക ഇനത്തിനും അനുയോജ്യമായ കുട്ടികളുടെ ശാരീരികക്ഷമത പരിശോധിച്ച് പ്രതിഭകളെ കണ്ടെത്തി ശാസ്ത്രീയ പരിശീലനം നൽകുകയാണ് ലക്ഷ്യം. പ്രതിഭ കണ്ടെത്തുന്നതുമുതൽ രാജ്യാന്തര വേദിയിലെത്തിക്കുന്നതുവരെ ആവശ്യമായ പിന്തുണയും ശാസ്ത്രീയ പരിശീലനവും സർക്കാർ നൽകുമെന്നും മോദി വ്യക്തമാക്കി.
ദേശീയ കായികദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഖേലോ ഇന്ത്യ സംവാദ്' പരിപാടിയിൽ യുവതാരങ്ങളുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 1,500ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബന്ധിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
മെഡൽ നേടുക മാത്രമല്ല കായികനയത്തിന്റെ ലക്ഷ്യമെന്നും ഇന്ത്യയുടെ കായികശക്തിയെയും യുവശക്തിയെയും കൂട്ടിയിണക്കി വികസിത ഭാരതം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.
ഒളിമ്പിക്സിലെ പകുതിയോളം ഇനങ്ങളിൽ ഇന്ത്യ പങ്കെടുക്കുന്നില്ലെന്നത് പരിഹരിക്കണം. 2012ലെ ഒളിമ്പിക്സിൽ ഇന്ത്യ 13 ഇനങ്ങളിൽ മാത്രമാണ് മത്സരിച്ചതെന്നും ചൂണ്ടിക്കാട്ടി. സർഫിംഗ്, സ്‌പോർട്സ് ക്ലൈംബിംഗ്, വിന്റർ സ്‌പോർട്സ് തുടങ്ങിയ മേഖലകളിൽ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓരോ ജില്ലയുടെയും പ്രത്യേകതയ്ക്കനുസരിച്ച് കായിക പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കണം. ഇതിനായി പ്രത്യേക പരിശീലനകേന്ദ്രങ്ങൾ, കായിക സർവകലാശാലകൾ, ആധുനിക പരിശീലന സംവിധാനങ്ങൾ, സ്‌പോർട്സ് സയൻസ്, കോച്ചിംഗ് എന്നിവ ശക്തിപ്പെടുത്തും. അന്താരാഷ്ട്ര സഹകരണത്തിലൂടെ മികച്ച പരിശീലനരീതികളും രാജ്യത്തെത്തിക്കും.
'സ്‌ക്രീനുകളേക്കാൾ സ്‌പോർട്സ് സെന്ററുകൾക്കും പ്ലേസ്റ്റേഷനുകളേക്കാൾ കളിസ്ഥലങ്ങൾക്കും പ്രാധാന്യം' നൽകണമെന്നും മോദി പറഞ്ഞു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും സ്‌പോർട്സിന് നിർണായക പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |