
ഗ്ളാസ്ഗോ: ഗ്ളാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ മൂന്നുദിനം പൊന്നില്ലാതിരുന്ന ഇന്ത്യയ്ക്ക് ആദ്യ സ്വർണമെഡലുമായി സൂപ്പർ വെയ്റ്റ് ലിഫ്ടർ മീരാഭായ് ചാനു സായ്കോം അവതരിച്ചു. ഇന്നലെ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ ഗെയിംസ് റെക്കാഡോടെയാണ് മീര പൊന്നണിഞ്ഞത്. പുരുഷ 60 കിലോയിൽ ഇന്ത്യൻ വെയ്റ്റ് ലിഫ്ടർ റിഷികാന്ത സിംഗ് ചനൻബാം വെള്ളിയും നേടി. ടോക്യോ ഒളിമ്പിക്സിലെ വെള്ളി നേടിയ മീരയുടെ കോമൺവെൽത്ത് ഗെയിംസിലെ തുടർച്ചയായ മൂന്നാം സ്വർണമാണിത്.
ഇന്നലെ കാര്യമായ വെല്ലുവിളിയില്ലാതിരുന്ന മത്സരത്തിൽ സ്‌നാച്ചിൽ 85 കിലോയും ക്ളീൻ ആൻഡ് ജെർക്കിൽ 105 കിലോയും ഉൾപ്പടെ 190 കിലോ ഉയർത്തിയായിരുന്നു മീരയുടെ സ്വർണനേട്ടം. സ്‌നാച്ചിലെ ആദ്യ ശ്രമം പാളിയ മീര രണ്ടാം ശ്രമത്തിൽ 82 കിലോ ഉയർത്തി. മൂന്നാം ശ്രമത്തിലാണ് റെക്കാഡ് ഭാരമായ 85 കിലോ ക്ളിയർ ചെയ്തത്. ക്ളീൻ ആൻഡ് ജർക്കിലെ ആദ്യ ശ്രമത്തിലും മീരയ്‌ക്ക് പിഴച്ചിരുന്നു. രണ്ടാം ശ്രമത്തിൽ 105 കിലോ ഉയർത്തിയതോടെ സ്വർണമുറപ്പിച്ചു. മൂന്നാം ശ്രമത്തിന് മുതിർന്നില്ല.
പുരുഷ വിഭാഗം 60 കിലോ ഇനത്തിൽ സ്നാച്ചിൽ ഗെയിംസ് റെക്കാഡോടെ 121 കിലോയും ക്ളീൻ ആൻഡ് ജെർക്കിൽ 143 കിലോയും ഉൾപ്പടെ ആകെ 264 കിലോ ഉയർത്തിയാണ് റിഷികാന്ത വെള്ളി നേടിയത്. ഓരോ സ്വർണവും വെള്ളിയും വെങ്കലവും ഉൾപ്പടെ മൂന്ന് മെഡലുള്ള ഇന്ത്യ പട്ടികയിൽ ഏഴാമതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |