വാഷിംഗ്‌ടൺ: ഇറാനെ സാമ്പത്തികമായി തകർക്കാനുള്ള ഉപരോധ പദ്ധതിയായ 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്‌കാസ്റ്റ്' പ്രഖ്യാപിച്ചതിന് പിന്നാലെ, നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും ഉപരോധം ഏർപ്പെടുത്തി യുഎസ്. ഇറാന്റെ പെട്രോളിയം,പെട്രോകെമിക്കൽ വ്യാപാരത്തിൽ ഇവർ പങ്കാളികളാണെന്ന് ആരോപിച്ചാണ് നടപടി.
പോർട്ടീസ് പാർട്ണേഴ്സ് എൽഎൽപി, സദാശിവ ഓവർസീസ് ലിമിറ്റഡ്, പി പി സോഫ്റ്റ്‌ടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രാകൃതീസ് ഇൻഫ്ര ഇംപെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്കെതിരെയാണ് യുഎസ് നടപടി സ്വീകരിച്ചത്.
ഈ കമ്പനികൾ ഇറാനിൽ നിന്നുള്ള എണ്ണയുടെ ഇടപാടുകളിൽ നേരിട്ട് പങ്കെടുത്തുവെന്നാണ് ആരോപണം. പോർട്ടീസ് പാർട്ണേഴ്സ് കമ്പനിയുടെ പങ്കാളികളായ ഹരീഷ് രാമചന്ദ്ര റങ്കി, ഇന്ദ്രിസ്മിയ അഷ്റഫ്മിയ ഷെയ്ഖ്, പിപി സോഫ്റ്റ്‌ടെക്കിന്റെ പ്രശാന്ത് ഗാർഗ് എന്നിവർക്കും ഉപരോധം ഏർപ്പെടുത്തി.
ഇറാനിലെ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിന് സൗകര്യമൊരുക്കിയതിനാണ് കസ്റ്റംസ് ബ്രോക്കറായ പോർട്ടീസ് പാർട്ണേഴ്സിന് ഉപരോധം ഏർപ്പെടുത്തിയതെന്ന് യുഎസ് പ്രസ്താവനയിൽ പറയുന്നു.
ഇറാനിൽനിന്നുള്ള പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ വാങ്ങൽ, ഏറ്റെടുക്കൽ, വിൽപ്പന, ഗതാഗതം അല്ലെങ്കിൽ വിപണനം എന്നിവയ്ക്കായി ഇടപെടൽ നടത്തിയതിനാണ് ഈ വ്യക്തികൾക്കും കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തിയതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അതേസമയം, യുഎസിന് തിരിച്ചടി നൽകാൻ പൂർണ സജ്ജമാണെന്ന് ഇറാൻ ഇന്നലെ അറിയിച്ചിരുന്നു. സാമ്പത്തിക സമ്മർദ്ദം മറികടക്കാനുള്ള രണ്ട് വർഷ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ചൈനയാണ് ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി. യുഎഇ, തുർക്കി, ഇറാക്ക് എന്നീ രാജ്യങ്ങളും ഇന്ത്യയുമാണ് തൊട്ടുപിന്നിൽ. മിസൈലാക്രമണ പശ്ചാത്തലത്തിൽ ഇറാനുമായുള്ള വ്യാപാരം യുഎഇ നിറുത്തിവച്ചിരുന്നു.
The United States has imposed sanctions on four Indian companies and three Indian nationals under its “Operation Economic Outcast” sanctions programme targeting Iran’s petroleum and petrochemical trade. The US alleged that the companies and individuals were involved in transactions related to the purchase, acquisition, sale, transportation or marketing of Iranian petrochemical products. The move comes amid heightened tensions between the US and Iran.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |