SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.04 AM IST

അറവുശാലയില്ലാത്ത നെയ്യാറ്റിൻകര മാ‌‌‌ർക്കറ്റ്

5555

നെയ്യാറ്റിൻകര: ദേശീയപാതയ്ക്ക് അരുകിലുള്ള ടൗണിലെ ടി.ബി ജംഗ്ഷനിലെ പബ്ളിക് മാ‌ർക്കറ്റിൽ അറവുശാല വേണമെന്ന നാട്ടുകാരുടെ നാല് പതിറ്റാണ്ടായുള്ള ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.

മാംസാവശ്യത്തിന് അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ കൊണ്ടുവരുന്ന ആടുമാടുകളെ കശാപ്പ് ചെയ്യുന്നത് ടി.ബി ജംഗ്ഷനിലെ ചന്തയ്ക്ക് പിന്നിലായുള്ള തുറസായ സ്ഥലത്തുവെച്ചാണ്. ഇവിടെ നിന്നും ചാലുകീറി ഒഴുകുന്ന ജൈവമാലിന്യവും മറ്റും ചെന്നെത്തുന്നത് നിരവധി നാട്ടുകാ‌‌ർ കുളിക്കാനും വസ്ത്രമലക്കുവാനും മറ്റും ഉപയോഗിക്കുന്ന മരുത്തൂ‌‌‌‌‌‌ർ തോട്ടിലാണ്.

അറവുമാടുകളെ പാറശാല കുറുങ്കുട്ടിയിലുള്ള മൃഗസംരക്ഷണ വകുപ്പിലെ ചെക്ക് പോസ്റ്റിൽ പരിശോധിച്ച് സ‌ർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും കടത്തിക്കൊണ്ടു വരുന്ന അറവുമാടുകളെയാണ് അധികവും ഇവിടേക്ക് എത്തിക്കുന്നത്.

അറവുമാടുകളെ പരിശോധിച്ച് രോഗമില്ലെന്നും മാംസാവശ്യത്തിന് ഉപയോഗിക്കാമെന്നും,​ നഗരസഭക്ക് കീഴിലുള്ള ഹെൽത്ത് ഉദ്യോഗസ്ഥരുടെയും മൃഗഡോക്ടറുടെയും അനുമതി വേണം. ഇതൊന്നുമില്ലാതെയാണ് കശാപ്പ് ആവശ്യത്തിന് മൃഗങ്ങളെയെത്തിക്കുന്നത്.

ബഡ്ജറ്റിൽ തുക ഉൾക്കൊള്ളിച്ചെങ്കിലും നടപ്പായില്ല

ഭക്ഷ്യാവശ്യത്തിന് മാംസം വെട്ടി വില്പനക്കായി പ്രദർശിപ്പിക്കുമ്പോൾ കണ്ണാടിയുടെ മറ വേണമെന്നും പൊതുസ്ഥലങ്ങളിൽ വെട്ടിയ മാംസം പ്രദർശിപ്പിക്കുവാൻ പാടില്ലെന്നുമാണ് കോടതി നിർദ്ദേശമെങ്കിലും അൻപത് വർഷത്തിലേറെ പഴക്കമുള്ള പഴകി ദ്രവിച്ച നെയ്യാറ്റിൻകര പൊതുമാർക്കറ്റിൽ കണ്ണാടി കൂട് വയ്കുവാനുള്ള സൗകര്യമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ശാസ്ത്രീയമായ രീതിയിൽ അറവുശാലയും ഇൻസിനേറ്ററും സ്ഥാപിക്കുവാൻ നഗരസഭ കഴിഞ്ഞ ബഡ്ജറ്റിൽ തുക ഉൾക്കൊള്ളിച്ചെങ്കിലും പദ്ധതി നടപ്പായില്ല.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം

കൃത്യമായ ഡ്രെയിനേജ് സൗകര്യമില്ലാത്തതിനാൽ മഴക്കാലത്ത് മാർക്കറ്റിനുള്ളിൽ വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. കൂടാതെ ശുദ്ധജല ലഭ്യതക്കുറവും പൊതുടോയ്ലെറ്റിന്റെ ദുരവസ്ഥയും വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നു.

കടുത്ത ദുർഗന്ധവും

കടുത്ത ദുർഗന്ധം കാരണം സാധനം വാങ്ങാനെത്തുന്നവർക്കും വില്കുന്നവർക്കും മൂക്കുപൊത്താതെ മാർക്കറ്റിനുള്ളിൽ കയറുവാനാകില്ല. ചന്തക്കുള്ളിലെ ദുർഗന്ധം കാരണം റോഡരുകിലിരുന്ന് മത്സ്യക്കച്ചവടം നടത്തിയവരെ അടുത്തിടെ നഗരസഭാ ഉദ്യേഗസ്ഥരെത്തി ഒഴിപ്പിച്ചിരുന്നു. പുതിയ മാർക്കറ്റ് അടിയന്തരമായി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL