SignIn
Kerala Kaumudi Online
Monday, 21 September 2026 6.23 AM IST

പുളിമൂട് ജി.പി.ഒ ജംഗ്ഷനിൽ ട്രാഫിക് ലംഘനങ്ങൾക്ക് കുറവില്ല

തിരുവനന്തപുരം: ആവശ്യത്തിന് സിഗ്നൽ സംവിധാനമുണ്ടായിട്ടും പുളിമൂട് ജി.പി.ഒ ജംഗ്ഷനിലെ ട്രാഫിക് നിയമലംഘനത്തിന് ഒരു കുറവുമില്ല. നാല് റോഡുകൾ വന്നുചേരുന്ന ഇവിടെ, ട്രാഫിക് സിഗ്നലുകൾ പാലിക്കാതെയാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. ഇടറോഡിൽ നിന്ന് റോഡ് ക്രോസ് ചെയ്യാനായി സിഗ്നൽ കാത്തുകിടക്കുന്ന വാഹനങ്ങൾ മെയിൻ റോഡിന്റെ അവസ്ഥകൂടി നോക്കേണ്ട അവസ്ഥയാണ്. സ്റ്റാച്യുവിൽ നിന്ന് ഓവർബ്രിഡ്ജ് ഭാഗത്തേക്ക് പോകുന്ന മിക്ക സ്വകാര്യ- ട്രാൻസ്പോർട്ട് ബസുകളും ചുവപ്പ് സിഗ്നൽ തെളിഞ്ഞാലും പലപ്പോഴും നിറുത്താറില്ല. ഇവർക്ക് പിന്നാലെ മറ്റ് വാഹനങ്ങളും നിറത്താതെ കടന്നുപോവുകയാണ് പതിവ്. ഇതോടെ ഇടറോഡിൽ നിന്ന് പച്ച സിഗ്നൽ കിട്ടി റോഡിലേക്ക് കയറുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാകും. സെക്കൻഡുകൾ മാത്രം തെളിഞ്ഞുനിൽക്കുന്ന ഈ ഗ്രീൻ സിഗ്നൽ അണയുമ്പോൾ മിക്ക വാഹനങ്ങളും ഇടറോഡിൽത്തന്നെ കിടക്കുന്ന അവസ്ഥ.

 ക്യാമറയും ഇല്ല

സിഗ്നൽ സംവിധാനത്തോടൊപ്പം ഇവിടെ നിയമലംഘനങ്ങൾ പിടികൂടാനുള്ള എ.ഐ ക്യാമറകൾ ഇവിടെയില്ല. അതിനാൽ പൊലീസിന്റെ പിടിവീഴുമെന്ന പേടിയും ഈ നിയമലംഘകർക്കില്ല. ഇതെല്ലാം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വേണ്ട നടപടിയെടുക്കുന്നില്ലെന്ന പരാതിയുമുണ്ട്. പൊലീസിന്റെ ക്യാമറ ഇവിടെയുണ്ടെങ്കിലും അതിലെ ദൃശ്യങ്ങൾ പരിശോധിക്കപ്പെടാറില്ലെന്നും പരാതിയുണ്ട്.

 അപകടം നടക്കാത്തത് ഭാഗ്യം

അംബുജ വിലാസം റോഡിൽ നിന്നും ഗവ.പ്രസ് റോഡിലേക്ക് പോകാൻ ഓരോ അഞ്ചു മിനിറ്റിനിടയിലും നിരവധി വാഹനങ്ങളാണ് സിഗ്നൽ കാത്തു കിടക്കുന്നത്.എം.ജി.റോഡിലെ സിഗ്നലിൽ ചുവപ്പ് കത്തുമ്പോൾ ആ റോഡിലെ വാഹനങ്ങൾ നിറുത്തിയിട്ടാൽ മാത്രമേ, ജംഗ്‌ഷനിൽ കാത്തുകിടക്കുന്ന വാഹനങ്ങൾക്ക് റോഡ് മുറിച്ചുകിടക്കാൻ സാധിക്കു. എന്നാൽ ചുവപ്പ് കത്തിയാലും എം.ജി.റോഡിലെ വാഹനങ്ങൾ നിറുത്താറില്ല. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന വാഹനങ്ങൾ പലപ്പോഴും അപകടത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്.

ഇടറോഡിൽ നിന്നും റോഡ് മുറിച്ചുകടക്കാനുള്ള സിഗ്നൽ കിട്ടിയാലും എം.ജി റോഡിലെ തിരക്ക് കുറയാത്തതിനാൽ കാത്തുകിടക്കുന്നതിൽ പകുതിയോളം വാഹനങ്ങൾക്കും അടുത്ത സിഗ്നൽ ലഭിക്കുന്നതുവരെ ക്ഷമിക്കുകയേ നിവൃത്തിയുള്ളു.


 വൺവേ തെറ്റിച്ച് അപകടത്തിലേക്ക്


പേട്ട പൊലീസ് സ്റ്റേഷന് സമീപത്തുകൂടി മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന റോഡിൽ ഒരുഭാഗത്തേക്ക് മാത്രമാണ് സഞ്ചാരം അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇടറോഡുകളിൽ നിന്ന് വരുന്ന ബൈക്ക്, ഓട്ടോറിക്ഷ അടക്കമുള്ള ചെറിയ വാഹനങ്ങൾ പൊലീസ് സ്റ്റേഷൻ ഭാഗത്തേക്ക് നിയമം തെറ്റിച്ച് വരുന്നത് വലിയ അപകടങ്ങൾക്കാണ് കാരണമാകുന്നത്. വളവുകളുള്ള റോഡിൽ എതിരെ വാഹനം വരില്ലെന്ന ധൈര്യത്തിൽ വേഗതയിൽ പോകുന്ന വാഹനങ്ങൾക്ക് മുന്നിലേക്കാണ് ഇടറോഡുകളിൽ നിന്ന് ബൈക്കുകൾ അടക്കം വന്നുകയറുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL