വിഴിഞ്ഞം: ഓണം കളറാക്കാൻ കോവളത്തെത്തുന്നവർക്ക് കടൽ കാറ്റേറ്റ് ഊഞ്ഞാലാടാം.ഇതാദ്യമായി ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന് കോവളവും വേദിയാകുകയാണ്. കലാപരിപാടികളുടെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് കോവളത്ത് നടന്നു. ഗ്രോവ് ബീച്ചിൽ ആയിരത്തിലധികം പേർക്കിരുന്ന് പരിപാടികൾ ആസ്വദിക്കാവുന്ന വേദിയാണ് ഒരുക്കിയിരിക്കുന്നത്. ഊഞ്ഞാലിനൊപ്പം ഇവിടെ ഇന്ന് അത്തപൂക്കളവും ഒരുങ്ങുമെന്ന് സംഘാടകർ പറഞ്ഞു. മുമ്പ് ഓണാഘോഷം നഗരത്തിൽ നടക്കുമ്പോൾ വിനോദ സഞ്ചാര കേന്ദ്രമായിരുന്ന കോവളം നിശബ്ദമാകുമായിരുന്നു. ഈ പതിവ് തെറ്റിച്ചാണ് ഇക്കുറി കോവളം സർക്കാർ പരിപാടിയുടെ വേദിയാകുന്നത്. കോവളം പാലസ് ജംഗ്ഷനിലാണ് വലിയ അത്തപ്പൂക്കളം ഒരുക്കിയിരിക്കുന്നത്.കോവളത്തെ വേദിയിൽ ഇന്ന് തിമതോം മെഗാ ഷോ, 27ന് ഗന്ധർവ്വയാമം,28ന് മ്യൂസിക് ബാന്റ്,29ന് മ്യൂസിക് ബാന്റ് എന്നിവ നടക്കും.
വിരുന്നൊരുക്കി ക്രാഫ്റ്റ് വില്ലേജ്
വെള്ളാർ ക്രാഫ്റ്റ് വില്ലേജ്,വെള്ളായണി കിരീടം പാലവും ഓണാഘോഷത്തിന് വേദിയാകുന്നു.ആറുദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ 500-ൽപ്പരം കലാകാരൻമാർ ദൃശ്യ വിരുന്നൊരുക്കും. കോവളം ക്രാഫ്റ്റ് വില്ലേജിൽ ഇന്നലെ നടന്ന മ്യൂസിക് ബാന്റോടുകൂടിയാണ് ആഘോഷം. തിരുവോണദിനത്തിൽ വൈകിട്ട് 6മുതൽ കർണാടിക് ഹിന്ദുസ്ഥാനി വോക്കൽ ജുഗൽ ബന്ധി,മധുരരാഗം മധുരം മ്യൂസിക് നൈറ്റ് എന്നിവയുണ്ടാകും. 27ന് വൈകിട്ട് 6 മുതൽ 7 വരെ ദീക്ഷിത് ബാന്റ്, 7മുതൽ 9 വരെ ഗാനമേള. 28ന് വൈകിട്ട് 6 മുതൽ 1വരെ തെയ്യം,7 മുതൽ 9 വരെ ചന്ദ്രകളഭം മ്യൂസിക് നൈറ്റ്. 29ന് 6 മുതൽ സുഡാപ്പ കഥക്,7 മുതൽ മെഗാ ഫ്യൂഷൻ മ്യൂസിക്. 30ന് വൈകിട്ട് 1മുതൽ നടക്കുന്ന മ്യൂസിക് ഷോയോടെ ആഘോഷങ്ങൾക്ക് തിരശ്ശീലവീഴും.
വെള്ളായണിയിൽ വള്ളംകളി
വെള്ളയാണിയിൽ ഇന്നലെ ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്ന് വൈകിട്ട് 6ന് കഥാപ്രസംഗം,9.30ന് ഗാനമേള, 27ന് ഉച്ചയ്ക്ക് 3ന് വള്ളംകളി.വൈകിട്ട് 6.30മുതൽ 7.30 വരെ കോമഡിഷോ,9.30 വരെ ഗാനമേള, 28ന് വൈകിട്ട് ആറ് മുതൽ ജുഗൽബന്ധി,9.30വരെ ഗാനമേള എന്നിവയുണ്ടാകും.
കീരീടം പാലവും ഉണരും
കിരീടം പാലത്തിൽ ഇന്ന് വൈകിട്ട് നാലു മുതലുള്ള ഘോഷയാത്രയോടും ഉദ്ഘാടന സമ്മേളനത്തോടെ ആഘോഷത്തുടക്കമാകും.തുടർന്ന് സോപാന സംഗീതം,ഹലോഗൈസ് എന്നിവ നടക്കും.26ന് വൈകിട്ട് 5ന് ക്ലാസിക്കൽ ഫ്യൂഷൻ,6ന് തിരുവാതിര എന്നിവയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |