
പാലക്കാട്: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓണഘോഷത്തിന് ആംബുലൻസ് ദുരുപയോഗം ചെയ്തതായി പരാതി. പാലക്കാട്ടെ മോയൻസ് എൽ.പി സ്‌കൂളിന്റെ മൈതാനത്തു നടത്തിയ ഓണാഘോഷത്തിലാണ് ആംബുലൻസ് ഉപയോഗിച്ചത്. വിദ്യാർത്ഥികൾ നൃത്തം ചെയ്യുന്നതിനിടെ കുട്ടികൾ ആംബുലൻസിൽ യാത്ര ചെയ്ത് കളർ സ്‌മോക്ക് ഉപയോഗിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. വിദ്യാർത്ഥികളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ വീഡിയോ പുറത്തുവിട്ടത്.
മോയൻസ് സ്‌കൂളിലെ ഓണാഘോഷ പരിപാടിക്കുശേഷം സ്‌കൂൾ ഗ്രൗണ്ട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓണാഘോഷത്തിനായി വിട്ടുകൊടുക്കുകയായിരുന്നു. ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് ആംബുലൻസ് ഡ്രൈവർമാർ മോട്ടർ വാഹന വകുപ്പിന് പരാതി നൽകി. സംഭവത്തിൽ എം.വി.ഡി അന്വേഷണമാരംഭിച്ചു. അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കുന്ന വാഹനം ആഘോഷങ്ങൾക്ക് ദുരുപയോഗം ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് ആംബുലൻസ് ഡ്രൈവർമാർ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി ആംബുലൻസ് രൂപമാറ്റം വരുത്തുകയോ ആഘോഷ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം വാഹനം ഓടിച്ച ഡ്രൈവർക്കും ഉടമയ്ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നാണ് സൂചന. സ്‌കൂൾ അധികൃതരോട് സ്വകാര്യ സ്ഥാപനത്തിന് ഗ്രൗണ്ട് വിട്ടുനൽകിയതിൽ വിശദീകരണം തേടുമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |